ചെറായി: ഇതരസംസ്ഥാനത്തുനിന്ന്‌ നാട്ടിലെത്തിയ യുവാവിന്, ജില്ലാ ഭരണകൂടത്തിന്റെ മുൻകൂർ അനുമതിയില്ലാതെയും ആരോഗ്യവകുപ്പിനെ അറിയിക്കാതെയും ഹോം സ്റ്റേയിൽ പെയ്ഡ് ക്വാറന്റീൻ സൗകര്യമൊരുക്കിയ ഹോം സ്റ്റേ ഉടമയ്ക്കെതിരേ മുനമ്പം പോലീസ് കേസെടുത്തു. പള്ളിപ്പുറം കോൺവെന്റ് കടപ്പുറത്തെ ഹോം സ്റ്റേ ഉടമയായ പള്ളിപ്പുറം കടുവങ്കശ്ശേരി ശ്യാമപ്രസാദി(29) നെതിരേയാണ് കേസെടുത്തത്. ആരോഗ്യ വകുപ്പ് അധികൃതർ െബംഗളൂരുവിൽനിന്ന്‌ എത്തിയ യുവാവിനെ കണ്ടെത്താൻ കഴിയാതെ അന്വേഷിച്ചുനടക്കുന്നതിനിടയിലാണ് രഹസ്യമായി ഹോം സ്റ്റേയിൽ കഴിയുന്നതായി അറിഞ്ഞത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ പരാതിയെത്തുടർന്നാണ് മുനമ്പം പോലീസ് കേസെടുത്തത്. സ്റ്റേഷനിൽ ഹാജരായ ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു. പെയ്ഡ് ക്വാറന്റീനായി ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുള്ള ഒരു ഹോം സ്റ്റേ മാത്രമാണ്‌ പള്ളിപ്പുറത്ത്‌ ഉള്ളതെന്ന് മുനമ്പം പോലീസ് വ്യക്തമാക്കി.