ചെറായി : മോട്ടോർ വാഹന വകുപ്പ് പുതുതായി തുടങ്ങിയ ഓൺലൈൻ ലേണേഴ്‌സ് പരീക്ഷയുടെ അപാകം പരിഹരിക്കണമെന്ന് ഒാൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്‌സ് ആൻഡ്‌ വർക്കേഴ്‌സ് അസോസിയേഷൻ നോർത്ത് പറവൂർ യൂണിറ്റ് ആവശ്യപ്പെട്ടു.

പുതിയ രീതിയിൽ നടത്തുന്ന പരീക്ഷയിൽ, പരീക്ഷയുടെ സുതാര്യതയും രഹസ്യസ്വഭാവവും നഷ്ടപ്പെടുമെന്നാണ് ആക്ഷേപം. അപേക്ഷകരല്ലാത്തവർക്കും പരീക്ഷ എഴുതാൻ സാധിക്കും. സ്മാർട്ട്‌ ഫോൺ ഉപയോഗിക്കാൻ പരിജ്ഞാനം ഇല്ലാത്തവരും അത്തരം മൊബൈൽ ഇല്ലാത്തവർക്കും പരീക്ഷ എഴുതാൻ സാധിക്കുകയുമില്ല.

പരീക്ഷയ്ക്ക് ആവശ്യമായ ഗൈഡൻസ് അപേക്ഷകർക്ക് പരീക്ഷാസമയത്ത്‌ കിട്ടില്ല. ഓഫീസിലായാൽ ഉദ്യോഗസ്ഥരുടെ സഹായം തേടാമായിരുന്നു. ഏതെങ്കിലും കാരണവശാൽ ലോഗ്ഔട്ട് ആവുകയോ ഇന്റർനെറ്റ് തടസ്സം നേരിടുകയോ ചെയ്താൽ ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാതെ വീണ്ടും ലോഗിൻ ചെയ്യാൻ പറ്റില്ല.

ഏത് ഐ.പി. അഡ്രസ് ആണ് എന്നുള്ളത് അത് അറിയാൻ സാധിക്കുമെങ്കിലും പരീക്ഷയിലെ ക്രമക്കേടും ദുരുപയോഗവും ഉണ്ടായാൽ നിലവിലെ നിയമം അനുസരിച്ച് നടപടികൾ സ്വീകരിക്കാൻ സാധ്യമല്ല.

സംസ്ഥാനത്ത് നിലവിൽ അഞ്ചുലക്ഷത്തോളം ലേണേഴ്‌സ് അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. ദിനംപ്രതി ഒരു ഓഫീസിൽ 50 ടെസ്റ്റ് നടത്തിയാൽ അഞ്ചു മാസമെടുക്കും ഡ്രൈവിങ് ടെസ്റ്റ് നടത്തി ലൈസെൻസ് നൽകാൻ. അങ്ങനെയെങ്കിൽ, ഇപ്പോൾ ലേണേഴ്‌സ് പരീക്ഷ എഴുതുന്നയാളുടെ ലേണേഴ്സ് ലൈസൻസിന്റെ കാലാവധി അപ്പോഴേക്കും കഴിയുമെന്നതാണ് പ്രശ്നം.

അപേക്ഷകർക്ക് ബുദ്ധിമുട്ടുണ്ടാവാത്ത തരത്തിൽ പകൽ പരീക്ഷ നടത്തണമെന്നും യൂണിറ്റ് പ്രസിഡന്റ് എം.എസ്. രാജുവും സെക്രട്ടറി എം.എം. ഷുക്കൂർ ബാബുവും ആവശ്യപ്പെട്ടു.