ചെറായി : കോവിഡ് സമ്പർക്ക ഭീഷണി നിലനിന്നിരുന്ന നായരമ്പലം, പള്ളിപ്പുറം, എളങ്കുന്നപ്പുഴ പഞ്ചായത്തുകൾക്ക് ആശ്വാസം... ഇവിടെ ഹൈ റിസ്ക് പട്ടികയിലെ എല്ലാവരുംതന്നെ കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയി. മൂന്ന് പഞ്ചായത്തുകളിലായി, നാല് വാർഡുകൾ പൂർണമായും മൂന്ന് വാർഡുകൾ ഭാഗികമായും കണ്ടെയ്‌ൻമെന്റ് സോണുകളായിരുന്നു. ഉറവിടം അറിയാത്ത രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

രണ്ടാഴ്ച പിന്നിട്ടപ്പോൾ നായരമ്പലത്തെ രണ്ട് വാർഡുകളും കണ്ടെയ്ൻമെന്റ് സോണിൽ നിന്ന്‌ ഒഴിവായി. രണ്ടാം വാർഡിലെ രോഗിയിൽനിന്ന്‌ സമ്പർക്കത്തിലൂടെയുള്ള രോഗബാധ ഭാര്യയിലും മകനിലും ഒതുങ്ങി. ഇവിടെ പരിശോധനയ്ക്കെടുത്ത സമ്പിളുകൾ എല്ലാം നെഗറ്റീവ് ആണ്.

അതേപോലെ, പള്ളിപ്പുറം 21-ാം വാർഡിലെ ഉറവിടമറിയാത്ത രോഗിയുടെ ഭർത്താവ്, കുട്ടി, ഭർത്താവിന്റെ അമ്മ എന്നിവരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്.

കോവിഡ് പോസിറ്റീവ് ആയ എറണാകുളത്തെ ഇലക്‌ട്രിക് കടയിലെ ജീവനക്കാരിയായ എളങ്കുന്നപ്പുഴ സ്വദേശിനിയുടെ സഹോദരൻ, പിതാവ്, മാതാവ്, അടുത്ത ബന്ധുക്കൾ എന്നിവരുടെ പരിശോധനാ ഫലവും നെഗറ്റീവ് ആണ്.