ചെറായി : എസ്.എസ്.എൽ.സി. പരീക്ഷാ ഫലത്തിന്റെ ആരവങ്ങൾക്കിടെ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോെയാരു വിജയമുണ്ട്; നാഡി തളർന്ന് ശയ്യാവലംബനായ എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്‌കൂളിലെ ഹേമന്ത് രാജ് എന്ന പത്താം ക്ലാസുകാരൻ പ്രതികൂലാവസ്ഥകളോട് പൊരുതി നേടിയ വിജയം. എടവനക്കാട് തുണ്ടിയിൽ ഹരികുമാർ-മഞ്ജു ദമ്പതിമാരുടെ മകനാണ് ഹേമന്ത്. തളർന്ന ശരീരവുമായി കഠിന ശ്രമത്തോടൊപ്പം പഠനത്തിലും ഹേമന്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. സ്കൂളിന്റെ മികച്ച റിസൽട്ടിന്റെ മധുരം ഹേമന്തിന്റെ വിജയത്തോടെ അതിമധുരമായി എന്ന് അധ്യാപകർ പറയുന്നു.

2018 ജൂലായിലാണ് ഹേമന്തിനെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ട്രാൻസ്‌വേഴ്‌സ് മൈലാറ്റിസ് എന്ന അപൂർവ രോഗബാധയെത്തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുന്നത്. അതുവരെ ഓടിക്കളിച്ചു നടന്ന വിദ്യാർഥി പെെട്ടന്ന് കിടപ്പിലായി. രണ്ടാഴ്ചയോളം വെന്റിലേറ്ററിന്റെ സഹായം വേണ്ടിവന്നു. കഴുത്തിനു താഴെ ശരീരം പൂർണമായി തളർന്നു പോയി. പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേയും തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളേജിലേയും ചികിത്സയിലൂടെ കൈകൾ ചെറുതായി ചലിപ്പിക്കാമെന്ന അവസ്ഥയിലെത്തി. പറവൂരിലുള്ള ഫിസിയോ തെറാപ്പി സെന്ററിൽ ഫിസിയോ തെറാപ്പിയും എഴുന്നേറ്റ് നിൽക്കാനുള്ള പരിശീലനവും ഇലക്‌ട്രിക് വീൽചെയർ പരിശീലനവുമായി മുന്നോട്ടു പോകുമ്പോഴാണ് കോവിഡ് മൂലം അവ മുടങ്ങുന്നത്.

ഇപ്പോൾ അമ്മയുടെ സഹായത്തോടെ ഹേമന്ത് ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ഒപ്പം വായനയുമുണ്ട്. സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് നൽകിയ ടാബും പുസ്തകങ്ങളും നൽകിയിരുന്നു. ഒമ്പത്, പത്ത് ക്ലാസുകളിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയാണ് ഹേമന്ത് പഠിച്ചിരുന്നത്. സ്കൂളിലേയും ബി.ആർ.സി. യിലേയും അദ്ധ്യാപകർ വീട്ടിലെത്തി ഹേമന്തിനു വേണ്ട ക്ലാസുകൾ നൽകിയിരുന്നു.

വാടക വീട്ടിലാണ് ഹേമന്ത് താമസിക്കുന്നത്. അനുജൻ എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം. ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. തുണിക്കടയിൽ ജോലി ചെയ്തിരുന്ന അമ്മ ഹേമന്തിന്റെ കാര്യങ്ങൾ നോക്കുന്നതിനു വേണ്ടി ജോലി ഉപേക്ഷിച്ചു. ലോക്‌ ഡൗണായതോടെ അച്ഛനും ജോലിയില്ലാതായി. അമ്മയുടെ മാതാപിതാക്കളും ഇവരോടൊപ്പമുണ്ട്. രണ്ട് വർഷമായി വീടിന്റെ വാടക സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്നാണ് നൽകി വരുന്നത്. ചികിത്സയ്ക്കായി സുമനസ്സുകൾ നൽകുന്ന ചെറിയ സഹായങ്ങളാണ് ഏക ആശ്വാസം.

ഇപ്പോൾ പ്ലസ് വൺ അഡ്മിഷന് ഒരുങ്ങുകയാണ് ഈ മിടുക്കൻ. ഹ്യുമാനിറ്റീസ് എടുത്ത് മികച്ച വിജയം നേടുക എന്നതാണ് അടുത്ത ലക്ഷ്യം.