ചെറായി : മത്സ്യബന്ധന ഹാർബറുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തരകൻസ് അസോസിയേഷനുകൾ പേരുമാറ്റുന്നു. ഇതിനായി സംസ്ഥാന തലത്തിൽ സോണുകൾ തിരിച്ച് ഓൾ കേരള ഫിഷ് ട്രേഡേഴ്‌സ് അസോസിയേഷൻ എന്ന സംഘടന രൂപവത്കരിക്കും. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുനമ്പത്തു ചേർന്ന തരകൻമാരുടെ യോഗം തൃശ്ശൂർ, എറണാകുളം ജില്ലകൾ ഉൾപ്പെടുന്ന മധ്യമേഖലയുടെ യൂണിറ്റിനു രൂപം നൽകി.

മത്സ്യമേഖലയുടെ എതിർപ്പിനെ അവഗണിച്ച് മത്സ്യബന്ധന ഹാർബറുകളിൽ മത്സ്യം ലേലം ചെയ്ത് വിൽക്കുന്ന തരകന്മാരെ ഒഴിവാക്കി തൂക്കി വിൽക്കുന്ന സമ്പ്രദായം കൊണ്ടുവന്നതിനെതിരേ തരകൻമാർ പ്രക്ഷോഭത്തിലാണ്. ഇതിനിടയിലാണ് ഇവർ സംഘടനയുടെ പേര്‌ മാറ്റുന്നത്.

മധ്യമേഖല ഭാരവാഹികളായി പി.ജെ. ആൻസിലി (ചെയർമാൻ), മജീദ് കൊച്ചി, പോൾ മാമ്പിള്ളി വൈപ്പിൻ (വൈസ് ചെയർ.), കെ.കെ. മോഹൻലാൽ (കൺവീനർ), സി.എസ്. ശൂലപാണി, സിബിച്ചൻ കൊച്ചി, പീതാംബരൻ ചേറ്റുവ (ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

ചാവക്കാടു മുതൽ ചെല്ലാനം വരെയുള്ള 14 ഹാർബറുകളിൽനിന്നുള്ള നൂറോളം ഫിഷ് ട്രേഡേഴ്‌സ് അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പി.ജെ. ആൻസിലി അധ്യക്ഷനായി.