ചെറായി : പള്ളിപ്പുറം പഞ്ചായത്തിലെ 21-ാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ചിട്ടും പഞ്ചായത്ത് ഭരണ സമിതി വേണ്ട മുൻകരുതൽ നടപടികൾ എടുക്കാൻ വൈകിയതിൽ പ്രതിഷേധിച്ച് പള്ളിപ്പുറം സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ധർണ നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ബിനുരാജ് പരമേശ്വരൻ അധ്യക്ഷത വഹിച്ചു.

കോവിഡ് സ്ഥിരീകരിച്ച് രണ്ടുദിവസം കഴിഞ്ഞാണ് പഞ്ചായത്ത് കമ്മിറ്റി വിളിച്ചത്. പ്രതിപക്ഷ മെമ്പർമാർ ആവശ്യപ്പെട്ടിട്ടും നിസ്സംഗ മനോഭാവമാണ് അധികാരികൾ സ്വീകരിച്ചത്. സമ്പർക്ക പട്ടികയിൽ നൂറിലധികം പേരുണ്ടായിട്ടും ആരോഗ്യ വകുപ്പിനോടും പോലീസ് അധികാരികളോടും ആദ്യഘട്ടത്തിൽ നിഷേധ നിലപാടാണ് സ്വീകരിച്ചതെന്നും ആക്ഷേപമുണ്ട്.

പൊതുജനാരോഗ്യം സംരക്ഷിക്കാൻ നടപടി എടുക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ മുൻകരുതലുകൾ ഊർജിതമാക്കാൻ തയ്യാറാകാത്ത പക്ഷം ശക്തമായ സമരം നടത്തുമെന്നും കോൺഗ്രസ് നേതൃത്വം പറഞ്ഞു.

ഡി.സി.സി. സെക്രട്ടറി എം.ജെ. ടോമി, കെ.എം. പ്രസൂൺ, പി.ബി. സുധി, കെ.എഫ്. വിൽസൺ, ടി.പി. ശിവദാസ്, ജിഷ്ണു ശിവൻ, പോൾസൺ കെ.ജെ., ബിജു പൗലോസ്, കെ.എസ്. മാധവൻ, അമ്പാടി സുരേഷ് എന്നിവർ പ്രസംഗിച്ചു.

അതേസമയം, സംഭവം അറിഞ്ഞ ഉടൻതന്നെ ആവശ്യമായ നടപടി സ്വീകരിച്ചതായി പഞ്ചായത്ത്‌ പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അറിയിച്ചു.