ചെറായി : കണ്ടെയ്‌ൻമെന്റ് സോണായ മുനമ്പം ഹാർബർ അടച്ചുപൂട്ടിയതിനെ തുടർന്ന് രണ്ടാം വാർഡ് മേഖലയിൽ തുടങ്ങിയ സമാന്തര മത്സ്യക്കച്ചവടവും ലേലവും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മുനമ്പം പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും എത്തി നിർത്തിവയ്പിച്ചു.

ലീസിനെടുത്ത സ്ഥലം കച്ചവടത്തിന്‌ വിട്ടുകൊടുത്ത സുധീഷ് എന്നയാൾക്കെതിരേ മുനമ്പം പോലീസ് കേസെടുത്തിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മുനമ്പം ഹാർബറിന്‌ പടിഞ്ഞാറ്്‌ ഹാർബർ പാലത്തിനടുത്താണ് സമാന്തരമായി മത്സ്യക്കച്ചവടം ആരംഭിച്ചത്.

കണ്ടെയ്ൻമെന്റ് സോണായ ഹാർബർ അടക്കുന്നതിന്‌ മുമ്പ്‌ രാവിലെ കടലിൽ മത്സ്യബന്ധനത്തിനു പോയി വൈകുന്നേരം തിരികെ വന്ന വള്ളങ്ങളിലെ മത്സ്യം കച്ചവടം നടത്തുകയായിരുന്നു ലക്ഷ്യം.

കോവിഡ് സമൂഹവ്യാപന ഭീതിയിൽ കഴിയുന്ന പരിസരവാസികൾ എത്തി ഇത് തടയുകയും പോലീസിനെയും ആരോഗ്യ വകുപ്പിനെയും അറിയിക്കുകയും ചെയ്തതോടെ ചെറിയ സംഘർഷാവസ്ഥയായി.

അവസാനം പോലീസിന്റെ ഇടപെടലിൽ നിർത്തിവയ്പിക്കുകയായിരുന്നു.