ചെറായി : ജീപ്പ് വർക്‌ഷോപ്പിലായിട്ട് ഒന്നര മാസം. മൂന്ന് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായ മുനമ്പത്ത് പോലീസിന്റെ കോവിഡ്കാല പട്രോളിങ് എസ്‌.ഐ.യുടെ സ്വന്തം കാറിൽ, സ്വന്തമായി ഇന്ധനം നിറച്ച്. മുനമ്പം എസ്‌.ഐ. വി.ബി. റഷീദാണ് കോവിഡ് കാലത്ത് ഇത്തരം സേവനത്തിനു തയ്യാറായത്.

മേയ് 25-ന് ചെറായി കരുത്തലയിൽ വെച്ച് അപകടത്തിൽ പെട്ടാണ് ജീപ്പ് വർക്‌ഷോപ്പിലായത്. ബൈക്ക് യാത്രക്കാരൻ ഹെഡ് ലൈറ്റില്ലാതെ പോക്കറ്റ് റോഡിൽനിന്നു കയറിവന്നതിനെ തുടർന്ന് അയാളെ രക്ഷിക്കാൻ വേണ്ടി ഡ്രൈവർ സഡൻ ബ്രേക്കിട്ടതാണ്. തലകീഴായ് മറിഞ്ഞ ജീപ്പ് തകർന്നു. ജീപ്പിലുണ്ടായിരുന്ന പോലീസുകാർ രക്ഷപ്പെട്ടെങ്കിലും ജീപ്പില്ലാതെ വന്നതോടെ പോലീസ് സ്റ്റേഷനിലെ കാര്യങ്ങൾ പലതും തടസ്സപ്പെട്ടു.

സർക്കിൾ ഇൻസ്പെക്ടറുടെ ജീപ്പാകട്ടെ പ്രതികളെ കൊണ്ടുപോകാനും വി.ഐ.പി. എസ്കോർട്ടും പൈലറ്റും എയർപോർട്ട് ഡ്യൂട്ടിയുമൊക്കെയായി പോകുകയാണ് പതിവ്. ഇതോടെയാണ് എസ്.ഐ. സ്വന്തം കാർ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങിയത്. ജീപ്പ് ഇപ്പോൾ അങ്കമാലിയിലെ വർക്‌ഷോപ്പിലാണ്. 45,000 രൂപ വേണം ഇത് അറ്റകുറ്റപ്പണി നടത്തി പുറത്തിറക്കാൻ. ഇതിനായി ഡിപ്പാർട്ട്‌മെന്റിന്റെ നടപടിക്കായി കാത്തിരിക്കുകയാണ് പോലീസ്.