ചെറായി : പള്ളിപ്പുറത്ത് യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പള്ളിപ്പുറത്ത് ആരോഗ്യ വകുപ്പ് പ്രാഥമിക സമ്പർക്കപ്പട്ടികയിലും രണ്ടാം സമ്പർക്കപ്പട്ടികയിലുമായി 72 പേരെ നിരീക്ഷണത്തിലാക്കി.

ഇതിനിടെ ജൂലായ്‌ മൂന്നിന് ചെല്ലാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചയാൾ ജൂൺ 30-ന് മുനമ്പം ഹാർബറിലെത്തി വല വാങ്ങിയതായി രോഗി വെളിപ്പെടുത്തിയതിനെ തുടർന്ന് വലക്കടയിലെ രണ്ട് പേരെ ആരോഗ്യ വകുപ്പ് ക്വാറന്റീനിലാക്കിയിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ ആവശ്യപ്രകാരം മൊബൈൽ യൂണിറ്റ് പള്ളിപ്പുറത്തെത്തി 27 പേരുടെ സ്രവങ്ങൾ പരിശോധനയ്ക്കെടുത്തു. പ്രാഥമിക സമ്പർക്കപ്പട്ടികയിലെ ഹൈ റിസ്കിൽ പെട്ടവരുടെയും പോലീസ്, ആരോഗ്യപ്രവർത്തകർ എന്നിവരുടെയും സാമ്പിളുകളാണ് പരിശോധനയ്ക്കായി എടുത്തിട്ടുള്ളത്. പഞ്ചായത്തിലെ 21, 22 വാർഡുകൾ പൂർണമായും മൂന്നാം വാർഡ് ഭാഗികമായും കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇവിടെ പലചരക്ക് കടകൾ, അവശ്യ സേവനങ്ങൾക്കുള്ള കടകൾ എന്നിവ മാത്രമേ തുറക്കുന്നുള്ളൂ. രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയാണ് പ്രവർത്തന സമയം.

ജാഗ്രത പുലർത്തുന്നതിന്റെ ഭാഗമായി മൈക്ക് അനൗൺസ്‌മെന്റ് നടത്തുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ അറിയിച്ചു.