ചെറായി: ജനത്തിരക്കേറിയ മുനമ്പം-അഴീക്കോട് കടത്ത്‌ സർവീസ് നടത്തിയിരുന്ന ജങ്കാർ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയപ്പോൾ പകരം ഓടിയിരുന്ന ബോട്ടിൽനിന്ന് ഒരാൾ അഴിമുഖത്ത് മുങ്ങിമരിച്ചതോടെ കടത്ത്‌ സർവീസ് ആകെ സ്തംഭിച്ചു. 23-ന് രാത്രി ബോട്ട് അടുപ്പിക്കുന്നതിനിടയിൽ ബോട്ട് ഇളകിമറിഞ്ഞ് ജീവനക്കാരനായ മാല്യങ്കര കോട്ടുവള്ളിക്കാട് മുല്ലപ്പറമ്പിൽ രാമദാസ് (62) ആണ് മരിച്ചത്‌. ജങ്കാർ സർവീസ് നടത്തിയിരുന്ന ഇവിടെ പഴക്കംചെന്നതും അനുയോജ്യമല്ലാത്തതുമായ തീരെ ചെറിയ ഉല്ലാസനൗക ഉപയോഗിച്ചുള്ള ഫെറി സർവീസ് ആദ്യമേതന്നെ ജനങ്ങൾ എതിർത്തിരുന്നതാണ്.

ദേശീയാടിസ്ഥാനത്തിൽ മുനമ്പം ഫിഷിങ് ഹാർബറിൽ നൂറുകണക്കിന് ബോട്ടുകളുടെ ടൺകണക്കിന് മത്സ്യമാണ് ദിവസവും വിറ്റഴിക്കുന്നത്. മത്സ്യബന്ധനമേഖലയിലെ ഈ ഫിഷിങ് ഹാർബറിലേക്ക് നൂറുകണക്കിന് ആളുകളാണ് മത്സ്യബന്ധനത്തിനായി എത്താറുള്ളത്. ഇതിൽ ബഹുഭൂരിപക്ഷം മത്സ്യക്കച്ചവടക്കാരും അഴീക്കോട് -മുനമ്പം ഫെറി വഴിയാണ് ഹാർബറിലെത്തുക. ഇപ്പോൾ ഇവരെല്ലാം കോട്ടപ്പുറം-മാല്ല്യങ്കര വഴിയാണ് മാർക്കറ്റിലെത്തുന്നത്. മിക്കവർക്കും സമയത്ത് എത്താൻകഴിയാത്ത അവസ്ഥയാണെന്ന് മത്സ്യക്കച്ചവടക്കാർ പറയുന്നു.

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് ജങ്കാർ സർവീസ് നടത്തിയിരുന്നത്. ജില്ലാ പഞ്ചായത്തും കരാറുകാരനും തമ്മിലുള്ള ഒത്തുകളിയാണ് സ്തംഭനത്തിന് കാരണമെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യത്തിൽ സർക്കാർ മുൻകൈയെടുത്ത് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് മത്സ്യവ്യവസായിയായ േജാസ്‌മോൻ മരിയാലയം പറഞ്ഞു.