ചെങ്ങമനാട്: ദുരിതാശ്വാസ ക്യാമ്പിൽ വച്ച് രാഹുൽഗാന്ധി മേരിക്കു നൽകിയ ഉറപ്പ് കോൺഗ്രസ് പ്രവർത്തകർ യാഥാർഥ്യമാക്കി. പ്രളയത്തിൽ ചത്തു പോയ പശുവിനു പകരം ചെനയുള്ള നല്ലൊരു പശുവിനെയാണ് ഇവർ സമ്മാനിച്ചത്‌. നെടുമ്പാശ്ശേരി പഞ്ചായത്ത് മൂഴിയാൽ മാളിയേക്കൽ വീട്ടിൽ മേരിയുടെ വീടും പ്രളയത്തിൽ പെട്ട് തകർന്നിരുന്നു.

വീട്ടിലെ സർവവും നഷ്ടപ്പെട്ടു. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശുവിനെ അഴിച്ചു വിടാൻ കഴിഞ്ഞില്ല. പൊന്നുപോലെ വളർത്തിയ പശു ചത്തു. ക്യാമ്പിലെത്തിയപ്പോൾ ഊണും ഉറക്കവുമില്ലാതെ പശു നഷ്ടപ്പെട്ട ദുഃഖത്തിലായിരുന്നു മേരി. അതിനിടെയാണ് രാഹുൽ ഗാന്ധി അത്താണി അസീസി സ്കൂളിലെ ക്യാമ്പ് സന്ദർശിച്ചത്. ക്യാമ്പിൽ നിന്ന് രാഹുൽ മടങ്ങുമ്പോൾ ഏറ്റവും പിറകിലെ ബെഞ്ചിലായിരുന്നു മേരി. പൊടുന്നനെ ‘മോനെ’ എന്ന് മേരി രാഹുലിനെ വിളിച്ചു. തിരിഞ്ഞുനോക്കിയ രാഹുൽ, കരഞ്ഞുകൊണ്ടിരുന്ന മേരിയുടെ അടുത്തെത്തി. പശു നഷ്ടപ്പെട്ട വിവരം മേരി പറഞ്ഞു. ഉടൻ തൊട്ടടുത്തുണ്ടായിരുന്ന അൻവർ സാദത്ത് എം.എൽ.എ.യോട്, മേരിക്ക് പശുവിനെ വാങ്ങി കൊടുക്കണമെന്ന് രാഹുൽ നിർദേശിച്ചു.

മാധ്യമങ്ങളിലൂടെ സംഭവമറിഞ്ഞ, യൂത്ത് കോൺഗ്രസ് തൃശ്ശൂർ ആലത്തൂർ പാർലമെൻറ് സെക്രട്ടറി അഭിലാഷ് പ്രഭാകർ മേരിക്ക് പശുവിനെ നൽകാനുള്ള സന്നദ്ധത എം.എൽ.എ.യെ അറിയിച്ചു. സ്വന്തമായി പശു ഫാ മുള്ള അഭിലാഷ് കഴിഞ്ഞ ദിവസം മേരിയുടെ വീട്ടിലെത്തിയിരുന്നു. ബുധനാഴ്ച വൈകീട്ട് അൻവർ സാദത്ത് എം.എൽ.എ.യുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും അഭിലാഷ് പ്രഭാകറും മേരിയുടെ വീട്ടിലെത്തി രണ്ട് വയസ്സുള്ള മുന്തിയ ഇനത്തിൽപ്പെട്ട ചെനയുള്ള പശുവിനെ കൈമാറി. പ്രളയത്തിൽ സംസ്ഥാനത്തുടനീളം പശു നഷ്ടപ്പെട്ട പരമ്പരാഗത ക്ഷീരകർഷകർക്ക് പശുവിനെ നൽകാൻ അഭിലാഷിൻറെ നേതൃത്വത്തിൽ ഫേസ്ബുക്ക് കൂട്ടായ്മ ആവിഷ്കരിച്ചിട്ടുണ്ട്.