ചെങ്ങമനാട് : ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്തിലെ പുറയാർ നജാത്ത് നഴ്സിങ്‌ കോളേജിന്റെ ഹോസ്റ്റൽ കോവിഡ് ചികിത്സാ കേന്ദ്രമാക്കി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി പഞ്ചായത്ത്‌ പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി അറിയിച്ചു. 40 കിടക്കകൾ ഉണ്ട്.

കിടക്ക, തലയിണ, വിരി, പുതപ്പ്, 40 ബക്കറ്റ് എന്നിവ അൻവർ സാദത്ത്‌ എം.എൽ.എ. വഴി ലഭ്യമാക്കിയിട്ടുണ്ട്.

പതിനഞ്ചാം വാർഡിലെ ഒരാൾക്ക്‌ തിങ്കളാഴ്ച കോവിഡ് സുഖപ്പെട്ടതോടെ നിലവിൽ ചികിത്സയിലുള്ളവർ 17 ആയി. തുരുത്ത് 12, പുറയാർ 14 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണിലാണ്. ആറാം വാർഡിൽ ഒരാൾക്ക്‌, ഏഴാം വാർഡിൽ ഒരാൾക്ക്‌, പത്താം വാർഡിൽ രണ്ട് പേർക്ക്, 11-ൽ ആറു പേർക്ക്, 14-ൽ ഏഴു പേർക്ക് എന്നിങ്ങനെയാണ് രോഗബാധയുള്ളത്.

എളവൂർ : പാറക്കടവ് പഞ്ചായത്തിലെ ചെട്ടിക്കുളം സ്വദേശിയായ 75-കാരന് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കുന്നപ്പിള്ളി സ്വദേശികളായ വൃദ്ധ ദമ്പതിമാർ ഉൾപ്പെടെ മൂന്നു പേർക്കാണ് പഞ്ചായത്ത്‌ പ്രദേശത്ത് രോഗബാധയുള്ളത്.

മരിച്ച ആളുടെ കോവിഡ് പരിശോധന വൈകിയതിൽ പ്രതിഷേധം

കടുങ്ങല്ലൂർ : കിടപ്പുരോഗിയായ സ്ത്രീയുടെ മൃതദേഹം കോവിഡ് പരിശോധനയ്ക്ക് കൊണ്ടുപോകാൻ മണിക്കൂറുകൾ വൈകിച്ച സംഭവത്തിൽ പ്രതിഷേധം. ഇതെക്കുറിച്ച് അന്വേഷണം വേണമെന്ന് കടുങ്ങല്ലൂർ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ് ആവശ്യപ്പെട്ടു.

മുപ്പത്തടം എരമം പുതുവൽപ്പറമ്പിൽ ഇബ്രാഹിമിന്റെ, കിടപ്പുരോഗിയായിരുന്ന മകൾ ഐഷാ ബീവി (55)യാണ് തിങ്കളാഴ്ച പുലർച്ചെ ആറിന് മരിച്ചത്. ഉടൻതന്നെ ബന്ധുക്കൾ ആരോഗ്യവകുപ്പിൽ വിവരമറിയിച്ചു. എന്നാൽ, ഒമ്പത്‌ മണിക്കൂറിന്‌ ശേഷമാണ് മൃതദേഹം കോവിഡ് പരിശോധനയ്ക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തിയത്. തുടർന്ന് ആലുവ സർക്കാർ ആശുപത്രിയിലെത്തിച്ച് സ്രവമെടുത്തെങ്കിലും അവിടെ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ പറവൂർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇങ്ങനെ വീഴ്ചവന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്.