ചെങ്ങമനാട് : കോവിഡ് വ്യാപനം തടയാൻ കർഫ്യൂ പ്രഖ്യാപിച്ച ചെങ്ങമനാട് പഞ്ചായത്തിൽ ആലുവ ഡിവൈ.എസ്.പി. ജി. വേണുവിന്‍റെ നേതൃത്വത്തിൽ പോലീസ് റൂട്ട് മാർച്ച് നടത്തി.

അത്താണി-മാഞ്ഞാലി റോഡിൽ ചുങ്കം കവല, ചെങ്ങമനാട് ജങ്‌ഷൻ, പുത്തൻതോട് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച ബാരിക്കേഡ് െവച്ച് പോലീസ് റോഡ്‌ അടച്ചു. ആലുവ ക്ളസ്റ്ററിൽ രോഗവ്യാപനം കൂടിയ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്ക നീക്കാനും ചട്ടലംഘനം നടത്തിയാൽ കടുത്ത നടപടിപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകാനുമാണ് റൂട്ട് മാർച്ച് നടത്തിയത്.

ഇതിനിടെ കണ്ടെയ്ൻമെൻറ് സോണായ പതിനൊന്നാം വാർഡിൽ വെള്ളിയാഴ്ച ഒരു യുവാവിനുകൂടി കോവിഡ് സ്ഥിരീകരിച്ചു.

പഞ്ചായത്തിലെ തുരുത്ത്, പുറയാർ വാർഡുകൾ കണ്ടെയ്ൻമെൻറ് സോണിലാണ്. ഏഴാം വാർഡിൽ ഒരാൾക്ക്‌, 11-ൽ ആറു പേർക്ക്, 14-ൽ പത്തുപേർക്ക്, 15-ൽ ഒരാൾക്ക്‌ എന്നിങ്ങനെയാണ് നിലവിൽ രോഗബാധയുള്ളത്. ഇതിൽ 11, 12 വാർഡുകളിലായി രണ്ടുപേർക്ക് കഴിഞ്ഞദിവസം രോഗം സുഖപ്പെട്ടിരുന്നു.