ചെങ്ങമനാട് : ജങ്‌ഷനിലെ കടകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് അടച്ചപ്പോൾചെങ്ങമനാട്: കോവിഡ് വ്യാപനം തടയാൻ കർഫ്യൂ ഏർപ്പെടുത്തിയതോടെ ചെങ്ങമനാട് പഞ്ചായത്തിൽ ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കി. വ്യാഴാഴ്ച രാവിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള ജാഗ്രതാ സമിതിയും പോലീസും ചേർന്ന് പ്രധാന റോഡുകൾ അടച്ചു.

പറമ്പയം-നെടുവന്നൂർ റോഡ്‌, ചൊവ്വര-നെടുവന്നൂർ റോഡ്‌, എയർപോർട്ട് -നെടുവന്നൂർ റോഡ്‌, മൂഴിയാൽ റോഡ്‌, മടത്തിമൂല റോഡ്‌, ദേശം-കുന്നുംപുറം-മംഗലപ്പുഴ റോഡ്‌ എന്നിവയാണ് അടച്ചത്. നെടുമ്പാശ്ശേരി, ചെങ്ങമനാട് പോലീസ് പട്രോളിങ്‌ നടത്തുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടോടെ മേഖലയിലെ എല്ലാ കടകളും അടച്ചു.

സമ്പർക്കംമൂലമുള്ള സമൂഹവ്യാപനം തടയുന്നതിനായി വാർഡുകളിലേക്കുള്ള പ്രവേശനം കർശനമായി തടഞ്ഞിട്ടുണ്ട്. നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത്‌ പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി ജനങ്ങളോട് ആവശ്യപ്പെട്ടു.

പഞ്ചായത്തിലെ തുരുത്ത് 11, 12 വാർഡുകളും പുറയാർ 14-ാം വാർഡും കണ്ടെയ്ൻമെൻറ്‌ സോണിലാണ്. ഏഴാം വാർഡിൽ ഒരാൾക്ക്‌, 11-ൽ ആറു പേർക്ക്, 12-ൽ ഒരാൾക്ക്‌, 14-ൽ പത്തുപേർക്ക്, 15-ൽ ഒരാൾക്ക്‌ എന്നിങ്ങനെയാണ് രോഗബാധയുണ്ടായത്. ഇതിൽ 11, 12 വാർഡുകളിലായി രണ്ടുപേരുടെ പരിശോധനാഫലം ചൊവ്വാഴ്ച നെഗറ്റീവായത് ആശ്വാസമായി.