ചെങ്ങമനാട് : കോവിഡ് വ്യാപനം തടയാൻ കർഫ്യൂ ഏർപ്പെടുത്തിയതോടെ ചെങ്ങമനാട് ഗ്രാമപ്പഞ്ചായത്ത് പ്രദേശം കനത്ത ജാഗ്രതയിലായി. തുരുത്ത് 11, 12 വാർഡുകളും പുറയാർ 14-ാം വാർഡും കണ്ടെയ്ൻമെന്റ്‌ സോണിലാണ്. അൻവർ സാദത്ത് എം.എൽ.എ.യുടെ നിർദേശപ്രകാരം ചൊവ്വാഴ്ച തുരുത്ത്‌ എൽ.പി. സ്കൂളിൽ 50 പേരുടെ കോവിഡ് ടെസ്റ്റ്‌ നടത്തിയിരുന്നു.

ഇതിൽ നാലുപേർക്ക് കൂടി രോഗം പോസിറ്റീവ് ആയതോടെ പഞ്ചായത്തിൽ ആകെ രോഗികളുടെ എണ്ണം 18 ആയി.ഏഴാം വാർഡിൽ ഒരാൾക്ക്‌, 11-ൽ അഞ്ചുപേർക്ക്, 12-ൽ ഒരാൾക്ക്‌, 14-ൽ 10 പേർക്ക്, 15-ൽ ഒരാൾക്ക്‌ എന്നിങ്ങനെയാണ് രോഗബാധയുള്ളത്. ആലുവയിൽ കടയുള്ളയാൾക്കാണ് പഞ്ചായത്ത്‌ പ്രദേശത്ത് ആദ്യം രോഗം സ്ഥിരീകരിച്ചത്.കൂടുതൽ വ്യാപനം തടയാനാണ് ആലുവ ക്ലസ്റ്ററിൽ ഉൾപ്പെടുത്തി ചെങ്ങമനാട്ട്‌ കർഫ്യൂ ഏർപ്പെടുത്തിയത്. സമൂഹ വ്യാപനം തടയുന്നതിനായി വാർഡുകളിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിച്ചിട്ടുണ്ട്. രാവിലെ ഏഴ്‌ മുതൽ 9 വരെ മൊത്തവ്യാപാരവും 10 മുതൽ രണ്ട്‌ വരെ ചില്ലറ വ്യാപാരവും നടത്താം. മെഡിക്കൽ സ്റ്റോറുകൾ തുറന്നു പ്രവർത്തിക്കാം. നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് പഞ്ചായത്ത്‌ ഭരണസമിതി ആവശ്യപ്പെട്ടു. കണ്ടെയ്ൻമെൻറ്‌ സോണിൽപ്പെട്ട വാർഡിൽ നിന്ന്‌ പുറത്തുപോയി കട തുറന്നയാൾക്കെതിരേ കേസെടുത്തു.