ചെങ്ങമനാട്: ഞായറാഴ്ച രാത്രി അത്താണി ജങ്‌ഷനിലെ ബാറിനു മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കി. നിരവധി കേസുകളിൽ പ്രതിയും കാപ്പ നിയമപ്രകാരം ശിക്ഷിക്കപ്പെട്ടയാളുമായ നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) മരിച്ചത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇതാദ്യമായാണ് അത്താണിയിൽ ഗുണ്ടാസംഘത്തിൻറെ ഏറ്റുമുട്ടലിൽ ഒരാൾ കൊല ചെയ്യപ്പെടുന്നത്. മൂന്നംഗ സംഘം ഒരാളെ വാളുകൊണ്ട് വെട്ടിവീഴ്ത്തുന്നത് ജനം ഭയന്നുവിറച്ച് നോക്കിനിന്നു. ആരും തടയാനോ ഇടപെടാനോ തുനിഞ്ഞില്ല. ചെങ്ങമനാട് പോലീസ് എത്തിയാണ് മൃതദേഹം മാറ്റിയത്. ക്രൂരമായ അക്രമങ്ങൾ വാർത്തകളിലും സിനിമയിലും മാത്രം കണ്ടിട്ടുള്ള നാട്ടുകാർ സിനിമാ സ്റ്റൈലിൽ നടന്ന അക്രമം അന്ധാളിപ്പോടെയാണ് ഓർക്കുന്നത്. വൻ നഗരങ്ങളിൽ നടക്കുന്ന അക്രമങ്ങൾ പൊതുവേ ശാന്തമായ അത്താണി മേഖലയിലും നടന്നതിൽ ജനങ്ങൾ ആശങ്കയിലാണ്. അത്താണി കേന്ദ്രീകരിച്ചുള്ള ഒരു ഗുണ്ടാസംഘമാണ് നെടുമ്പാശ്ശേരി, ചെങ്ങമനാട് മേഖലയിലെ അക്രമത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു. ഇവർ വിലസാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അടിപിടി, പിടിച്ചുപറി കേസുകളാണ് സംഘം ആദ്യം നടത്തിയിരുന്നത്. ചില രാഷ്ട്രീയ കക്ഷികളുടെ പിന്തുണയും ഇവർക്ക് കിട്ടിയിരുന്നു. അതിനാൽ പോലീസ് കേസുകളിൽനിന്ന് ഇവർ രക്ഷപ്പെട്ടു. എന്നാൽ പല തരത്തിൽ ശക്തി പ്രാപിച്ച ഈ സംഘത്തെ പോലീസ് ഗൗരവമായി കണ്ടിെല്ലന്നു നാട്ടുകാർ പറഞ്ഞു. ഈ സംഘത്തിലെ പ്രധാനിയായിരുന്നു ബിനോയ്. ഒരു വർഷം മുൻപ് ചേരിപ്പോരു മൂലം സംഘം രണ്ടായി പിരിഞ്ഞു. ഇതോടെ ഇവർ തമ്മിലുള്ള കുടിപ്പകയും കൂടി. തുടർന്ന് പല തവണ ഈ സംഘങ്ങൾ ഏറ്റുമുട്ടിയതായി പറയുന്നു. ഒടുവിലാണ് ഞായറാഴ്ച രാത്രി ക്രൂരമായ കൊലപാതകം നടന്നത്. അന്വേഷണ സംഘം അഞ്ചുപേരെ പിടികൂടിയിട്ടുണ്ട്. കൊലപാതകത്തിനുപയോഗിച്ച വാൾ അത്താണിയിൽനിന്ന് പോലീസ് കണ്ടെടുത്തു. യുവാവിൻറെ കൊലപാതകത്തോടെ വൈകുന്നേരങ്ങളിൽ അത്താണിയിൽ തങ്ങാൻ പലരും ഭയപ്പെടുകയാണ്. സ്വൈര ജീവിതം ഉറപ്പുവരുത്താൻ ഗുണ്ടാസംഘങ്ങളെ പോലീസ് അമർച്ച ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.