ചെങ്ങമനാട്: കൈയേറ്റം മൂലം ചുരുങ്ങിയ പഴയ തിരുകൊച്ചി രാജപാതയുടെ ഭാഗമായ അത്താണി-എളവൂർ റോഡ് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 30 മീറ്റർ വീതിയുള്ള സ്ഥലത്ത് നിർമിച്ച റോഡിന് ഇരുപുറത്തുമുള്ള കൈയേറ്റങ്ങൾ മൂലം ഇപ്പോൾ പലയിടത്തും എട്ടും പത്തും മീറ്ററാണ് വീതി.

ദേശീയപാത 47 നിർമിക്കുന്നതിന് മുമ്പ് തൃശ്ശൂർ, എറണാകുളം ജില്ലകളിലെ വാണിജ്യകേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നിർമിച്ചതാണ് ചേർത്തല മുതൽ എളവൂർ വരെയുണ്ടായിരുന്ന രാജപാത. അക്കാലത്തെ പ്രധാന റോഡും ഇതുതന്നെയായിരുന്നു. രാജഭരണകാലത്ത് കാർഷികമേഖലയുടെ വികസനത്തിനായി നിർമിച്ച രാജപാതയാണ് കാലക്രമേണ കൈയേറ്റംമൂലം ചുരുങ്ങിയത്.

പിന്നീട് ദേശീയപാത ആലുവ, അങ്കമാലി, ചാലക്കുടി തുടങ്ങിയ പട്ടണങ്ങളെ ബന്ധിപ്പിച്ച്‌ നിർമിച്ചപ്പോൾ ഈ രാജപാതയുടെ പ്രസക്തി നഷ്ടപ്പെട്ടു. ദേശീയപാത വന്നതോടെ അത്താണിയിൽ നിന്ന് എളവൂർ വരെ മാത്രമായി രാജപാതയുടെ ഭാഗം അവശേഷിച്ചു.

അത്താണിയിൽ നിന്ന് മേയ്ക്കാട്, മധുരപ്പുറം, മള്ളൂശ്ശേരി, വട്ടപ്പറമ്പ് പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. 8 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിന് 30 മീറ്റർ വീതിയുണ്ടായിരുന്നു. പുറമ്പോക്ക്, റോഡ് കൈയേറ്റങ്ങളാണ് ഇപ്പോൾ സ്ഥലത്തിന്റെ വീതി ഇല്ലാതാക്കിയത്. ഈ റോ‍ഡിന്റെ ഭാഗമായ അത്താണ-അങ്കമാലി പൊതുമരാമത്ത് റോഡ് ഇപ്പോൾ ലക്ഷക്കണക്കിന് രൂപ ചെലവിട്ട് വികസിപ്പിക്കുകയാണ്.

വെള്ളം കെട്ടിക്കിടന്നും മറ്റും കുണ്ടും കുഴിയുമായി കിടന്ന റോഡാണ് ദേശീയ നിലവാരത്തിൽ വികസിപ്പിക്കുന്നത്. ഇരുവശത്തും കാന നിർമാണം നടക്കുകയാണ് റോഡിന്റെ പല ഭാഗത്തേയും കൈയേറ്റം പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.പലയിടത്തും റോഡരികിലെ വീട്ടുകാർ അഞ്ചും പത്തും മീറ്റർ വീതമാണ് റോഡിലേക്ക് കയറ്റി മതിൽ കെട്ടിയിരിക്കുന്നത്.ഇതു മൂലം പലയിടത്തും നിർമാണ പ്രവർത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണ്.

പൊതുമരാമത്ത് വകുപ്പ് അധികൃതർ റോഡിന്റെ വീതി അളന്നു തിട്ടപ്പെടുത്താൻ ശ്രമിച്ചെങ്കിലും സർവേയറെക്കിട്ടിയില്ലന്നാണ് പറയുന്നത്.ഇതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.

അത്താണി-എളവൂർ റോഡ് എത്രയുംവേഗം വികസിപ്പിക്കണമെന്ന് അത്താണി എളവൂർ റോഡ് സംരക്ഷണ സമിതി ചെയർമാനും മുൻ പാറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പൗലോസ് കല്ലറയ്ക്കൽ പറഞ്ഞു.ഇത് പ്രദേശത്തെ വികസനത്തിന് വഴിയൊരുക്കും.അത്താണി മുതൽ കരയാംപറമ്പ് വരെ എവിടെയെങ്കിലും ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായാൽ വാഹനങ്ങൾ വഴി തിരിച്ചു വിടാവുന്ന ഒരു മാർഗമായും ഇതു മാറും.

റോഡ് വികസനം സംബന്ധിച്ച് പൗലോസ് കല്ലറയ്ക്കൽ നേരത്തെ നൽകിയ നിവേദനത്തെത്തുടർന്ന് അന്ന് കലക്ടറായിരുന്ന ഷെയ്ക് പരീത് സ്ഥലം സന്ദർശിച്ച് പുറമ്പോക്കു ഭൂമി കയ്യേറ്റം കണ്ടെത്തിയിരുന്നു.എന്നാൽ കലക്ടർ മാറിയതോടെ പിന്നീട് നടപടികൾ തുടർന്നില്ല.ഇപ്പോൾ റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളുമായി സഹകരിച്ച് റോഡ് വികസനത്തിനായി അധികൃതരെ വീണ്ടും സമീപിക്കാൻ ഒരുങ്ങുകയാണ്.ആലുങ്കൽക്കടവ്, സൊസൈറ്റി നഗർ, കാരയ്ക്കാട്ടുകുന്ന് നോർത്ത് റസിഡന്റ്സ് അസോസിയേഷനുകളുടെ ഭാരവാഹികളായ എ.കെ. വർഗീസ്, പി.പി. സാജു, പി.എ. ബേബി തുടങ്ങിയവർ പിന്തുണ അറിയിച്ചിട്ടുണ്ട്.