തോപ്പുംപടി : ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ ചെല്ലാനത്ത് ചെമ്മീൻ ചാകര... കടലിലേക്ക് പോയ വള്ളങ്ങൾ അടുത്തതോടെ, ചെല്ലാനം ഹാർബറിൽ ‘പൂവാലൻ ചെമ്മീൻ’ നിറഞ്ഞു. നാട്ടുകാർ 'കരിപൊകയൻ' എന്ന് വിളിക്കുന്ന ചെമ്മീൻ കുട്ടകളിൽ നിറച്ച് ഹാർബറിൽ നിരത്തിവച്ചു.

ഒന്നിടവിട്ട ദിവസങ്ങളിലാണ് വള്ളങ്ങൾ പോകുന്നത്. ഒറ്റയക്ക നമ്പറുള്ള വള്ളങ്ങളാണ് ബുധനാഴ്ച കടലിൽ ഇറങ്ങിയത്. പുലർച്ചെ ഇറങ്ങിയ വള്ളങ്ങൾ ഉച്ചയ്ക്ക് മുമ്പായിത്തന്നെ തിരിച്ചെത്തി. ഏതാണ്ട് അറുപതോളം വള്ളങ്ങൾ കടലിൽ പോയി. എല്ലാവർക്കും കോളടിച്ചു.

ചെമ്മീൻ വന്നതോടെ, വാഹനങ്ങളുടെ തിരക്കായിരുന്നു ഹാർബറിൽ. എല്ലാ മേഖലകളിൽ നിന്നുമുള്ള മീൻ വാഹനങ്ങളും ചെല്ലാനത്തേക്ക് വന്നു. ഒരുലക്ഷം മുതൽ ആറുലക്ഷം രൂപ വരെയായിരുന്നു വള്ളങ്ങൾക്ക് കിട്ടിയത്.

ചെമ്മീന് ആദ്യം കിലോഗ്രാമിന് 140 രൂപ വരെ കിട്ടി. പിന്നീട് ഇത് 100 രൂപയായി കുറഞ്ഞു. ചെമ്മീനൊപ്പം എല്ലാ വള്ളങ്ങളിലും നത്തോലിയും കിട്ടി. അവസാനമായപ്പോൾ രണ്ടും ചേർത്തായി കച്ചവടം. രണ്ടും ചേർത്ത് 100 രൂപയ്ക്ക് വിറ്റു. നേരത്തേ നത്തോലിക്ക് വെറും 20 വരെയായിരുന്നു വില.

വള്ളങ്ങൾ കൂടുതൽ പോകുമ്പോഴാണ് മീനിന് വില കുറയ്ക്കുന്നതെന്ന് തൊഴിലാളികൾ പറയുന്നു. നിശ്ചിത എണ്ണം വള്ളങ്ങൾ മാത്രം പോയാൽ പിടിക്കുന്ന മീനിന് വില കിട്ടുമെന്നും തൊഴിലാളികൾ പറയുന്നു. ഇക്കുറി ട്രോളിങ് നിരോധന കാലത്തുപോലും ചെല്ലാനത്തുനിന്ന് പോയ വള്ളങ്ങൾക്ക് കാര്യമായ രീതിയിൽ മീൻ കിട്ടിയിരുന്നില്ല. ഇതിനിടെ ചില ദിവസങ്ങളിൽ നത്തോലി കിട്ടി. പക്ഷേ, വലിയ രീതിയിൽ നത്തോലി കിട്ടിയപ്പോൾ കച്ചവടക്കാർ വില കുത്തനെ താഴ്ത്തി. അതുകൊണ്ട് തൊഴിലാളിക്ക് കാര്യമായൊന്നും കിട്ടിയില്ല.

ചെല്ലാനം ഉൾപ്പെടെയുള്ള ഹാർബറുകളിൽ മീൻ കേടുകൂടാതെ ശേഖരിച്ച് വയ്ക്കാനുള്ള ശിതീകരണ സംവിധാനമില്ല. ഇത്തരം സംവിധാനമുണ്ടായാൽ മീൻ ശേഖരിച്ചു വയ്ക്കാം. പിന്നീട് വില ഉയരുന്ന ഘട്ടത്തിൽ കച്ചവടം നടത്താം. മീൻ കേടായിപ്പോകുമെന്നതിനാലാണ് അത് കിട്ടുന്ന വിലയ്ക്ക് ഉടനെ വിൽക്കാൻ ശ്രമിക്കുന്നത്. ഈ കാര്യമറിയാവുന്ന കച്ചവടക്കാർ വില താഴ്ത്തുകയാണ്.

സർക്കാർ ഇടപെട്ടതിനാൽ ചെല്ലാനത്ത് മീൻ തൂക്കിയാണ് ഇപ്പോൾ കച്ചവടം നടത്തുന്നത്. ഇനി വില നിശ്ചയിക്കുന്ന കാര്യത്തിലും കാര്യക്ഷമമായ ഇടപെടൽ വേണമെന്നാണ് തൊഴിലാളികൾ പറയുന്നത്.