എറണാകുളം: വായന പക്ഷാചരണത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അഖില കേരള അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പുസ്തക ആസ്വാദനകുറിപ്പ് രചനാ മത്സരത്തില്‍ ചെറായി എസ്.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ശിവരഞ്ജിനി സി.എ ഒന്നാം സ്ഥാനം നേടി. കണ്ണൂര്‍ ഇരിട്ടി സി.എം.ഐ ക്രൈസ്റ്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നിലോഫര്‍ മരിയ റിജോ രണ്ടാം സ്ഥാനവും കോട്ടയം രാമപുരം എസ്.എച്ച് ഗേള്‍സ്  ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ശ്രുതി നന്ദന മൂന്നാം സ്ഥാനവും നേടി. 

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ.കെ.ജയകുമാര്‍, വീട്ടൂര്‍ എബനേസര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ മലയാളം അധ്യാപിക ജയലക്ഷ്മി എ.വി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. 'ആമസോണ്‍ നരഭോജികള്‍ കാടേറുമ്പോള്‍' എന്ന പുസ്തകത്തെക്കുറിച്ചുള്ള കുറിപ്പാണ് ശിവരഞ്ജിനിക്ക് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. 'രാമച്ചി' എന്ന കൃതിയെക്കുറിച്ചുള്ള രചന നീലോഫറിനും 'പാത്തുമ്മയുടെ ആടി'ന്റെ വേറിട്ട ആസ്വാദനം ശ്രുതി നന്ദനയ്ക്കും സമ്മാനം നേടിക്കൊടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റും പിന്നീട് സമ്മാനിക്കും.