കൊച്ചി : മുറിച്ചുകളഞ്ഞവ പിന്നിച്ചേർക്കുമ്പോൾ കിടക്കയാകും... ഭാരം കുറഞ്ഞ മൃദുവായ കിടക്കകൾ. തയ്യൽ യൂണിറ്റിലെ വെട്ടുകഷണങ്ങളിലാണ് ഇവ തീർത്തത്. വെറും വെട്ടുകഷണങ്ങളല്ല, കോവിഡ് പ്രതിരോധ വസ്ത്രമായ പി.പി.ഇ. ഗൗണുണ്ടാക്കുമ്പോൾ ബാക്കിയാവുന്ന തുണ്ടുകളാണ് കിടക്കയായി മാറുന്നത്.

തൊഴിൽ നഷ്ടമായ 10 സ്ത്രീകൾക്ക് തൊഴിൽ, ഉപയോഗ ശൂന്യമായ വസ്തുക്കളുടെ പുനരുപയോഗം, കോവിഡ് കെയർ സെന്ററുകൾക്ക് കുറഞ്ഞ വിലയിൽ കിടക്കകൾ... കരുതലും ഒപ്പം ജാഗ്രതയും ചേർന്ന പദ്ധതിയാണ് ‘ശയ്യ’. കോവിഡ് വ്യാപനം രൂക്ഷമായതോടെ നാടെങ്ങും ആരംഭിച്ച ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്ക് കിടക്കകളെത്തിക്കാൻ പുതിയൊരു മാർഗം പരീക്ഷിക്കുകയാണ് സാമൂഹിക പ്രവർത്തക ലക്ഷ്മി മേനോൻ.

ചെറിയ അളവിൽ പ്ലാസ്റ്റിക് അടങ്ങിയ കനംകുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണ് പി.പി.ഇ. ഗൗണുകൾ നിർമിക്കുന്നത്. ഉപയോഗിച്ച ഗൗണുകൾ ശാസ്ത്രീയമായി സംസ്കരിക്കുമ്പോൾ വെട്ടുകഷണങ്ങൾ മാലിന്യമായി അവശേഷിക്കും. എങ്ങനെ സംസ്കരിക്കണമെന്നതിൽ വ്യക്തതയില്ല. ഇതിനൊരു പരിഹാരമാണ് ‘ശയ്യ’ കിടക്കകൾ.

വാട്ടർ പ്രൂഫായതിനാൽ വീണ്ടും കഴുകി, അണുമുക്തമാക്കി ഉപയോഗിക്കാം. 300 രൂപ മാത്രമാണ് വില. കിടക്കയുണ്ടാക്കിയ സ്ത്രീക്ക് ഈ തുക ലഭിക്കും. അഞ്ച്‌ ദിവസം കൊണ്ട് 29 കിടക്കകൾ നിർമിച്ചു. മെഷീൻ സഹായമില്ലാതെ, സൂചിയും നൂലും പോലും ഉപയോഗിക്കാതെ കൈകൊണ്ട് മെടഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ആറടി നീളമുള്ള കിടക്കയുടെ ഭാരം 2.5 കിലോഗ്രാം മാത്രം. ലക്ഷ്മിയുടെ അരയൻകാവിലെ വീട്ടിലാണ് നിർമാണ യൂണിറ്റ്. പഞ്ചായത്തും ചില സംഘടനകളും പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Content Highlights: Bed for COVID patients  from PPE kit gown material