ചെറായി : മുനമ്പം ഹാർബറിൽ അനധികൃതമായി കെട്ടിയിട്ടിരിക്കുന്ന കൂറ്റൻ ബാർജിന്റെ വടം വീണ്ടും പൊട്ടി. ഒരുവശം കരയിൽനിന്ന് അകന്ന് അഴിമുഖത്തേക്ക് തെന്നിമാറി നിൽക്കുകയാണ്. ഇതുമൂലം അപകടഭീതിയിലാണ് മത്സ്യത്തൊഴിലാളികൾ.

ഹാർബറിൽ പടിഞ്ഞാറെയറ്റത്ത് കെട്ടിയിട്ടിരുന്ന ‘ഗ്രേറ്റ് സീ വേമ്പനാട്’ എന്ന ബാർജാണ് കാറ്റിൽ വടങ്ങൾ പൊട്ടി ബർത്തിൽ ഇടിച്ച് കരയിൽ നിന്ന് അഴിമുഖത്തേക്ക് തെന്നിമാറി അപകടഭീഷണി ഉയർത്തുന്നത്. രണ്ടുമാസം മുമ്പ് വേനൽമഴയിലും കാറ്റിലും ഇതേപോലെ കെട്ടുപൊട്ടി ഒരുവശം അഴിമുഖത്തേക്ക് തെന്നിമാറിയിരുന്നു. അന്ന് ഖലാസികളെത്തി 12 മണിക്കൂർകൊണ്ടാണ് ബാർജ് കരയ്ക്കടുപ്പിച്ചത്. കാറ്റും മഴയും ഉണ്ടായാൽ ശേഷിക്കുന്ന വടവും കൂടി പൊട്ടി നിയന്ത്രണംവിട്ട് ഒഴുകുമെന്നാണ് മത്സ്യ മേഖലയിലുള്ളവർ പറയുന്നത്. കിഴക്കോട്ട് ഒഴുകിയാൽ ഈഭാഗത്ത് കെട്ടിയിട്ടിരിക്കുന്ന നിരവധി ബോട്ടുകളിൽ ഇടിച്ച് നാശമുണ്ടാകും. കടലിലേക്കും ഒഴുകാൻ സാധ്യതയുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

എറണാകുളം മരടിലെ ഒരു സ്ഥാപനത്തിന്റെ ബാർജാണിത്. കോടതിയിൽ കേസുള്ളതിനാൽ കമ്പനിക്ക് ഉത്തരവാദിത്വമില്ലാത്ത സ്ഥിതിയാണ്. കേസുമായി ബന്ധപ്പെട്ട് കോടതി നിയോഗിച്ച അഭിഭാഷകനാണ് ഇപ്പോൾ ഇതിന്റെ മേൽനോട്ടമെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, ഹാർബറിൽ ബാർജ് കെട്ടിയിടുന്നതു സംബന്ധിച്ച് ഹാർബർ മാനേജ്‌മെന്റിന്റെ അനുമതിയൊന്നും ഇല്ലെന്നും പറയുന്നു.