ആലുവ: സിനിമയിലെ സകലകലാ വല്ലഭൻ കേസുകൾ വാദിക്കാനായി കോടതിയിലെത്താനുള്ള തയ്യാറെടുപ്പിൽ. മലയാളികളുടെ പ്രിയ നടൻ ബാലചന്ദ്ര മേനോനാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ഓൾ ഇന്ത്യ ബാർ എക്‌സാമിനേഷൻ എഴുതിയത്. ആലുവ ചൂണ്ടി ഭാരതമാത സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വച്ച് ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയായിരുന്നു പരീക്ഷ. ഈ പരീക്ഷ വിജയിക്കുന്നതോടെ കോടതികളിൽ കേസുകൾ വാദിക്കുന്നതിനുള്ള അനുമതി ലഭിക്കും.

1987-ൽ റിലീസ് ചെയ്ത ‘വിളംബര’മെന്ന ചിത്രത്തിൽ നമ്പൂതിരി വക്കീലിന്റെ വേഷം അദ്ദേഹം അഭിനയിച്ചിരുന്നു. അഭിഭാഷകനാവുകയെന്നത്‌ ഏറെ നാളായുള്ള ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ പല കാരണം കൊണ്ടും എൽ.എൽ.ബി. പരീക്ഷയെഴുത്ത് നീണ്ടുപോയി. 2011- ലാണ് സന്നത്‌ എടുക്കാൻ സാധിച്ചത്. കോടതികളിൽ വാദിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി കൂടി വേണ്ടിവന്നതോടെയാണ് അദ്ദേഹം ഞായറാഴ്ച പരീക്ഷയെഴുതാനായി എത്തിയത്.

കഴിഞ്ഞ വർഷങ്ങളിൽ എൽ.എൽ.ബി. പഠിച്ചിറങ്ങിയ കുട്ടികൾക്കൊപ്പമായിരുന്നു പരീക്ഷ. പുതിയ കുട്ടികൾക്കൊപ്പമിരുന്നുള്ള പരീക്ഷ പുത്തൻ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.