കോതമംഗലം : കുട്ടംപുഴയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണ ആനക്കുട്ടനെ വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

പൂയംകുട്ടി വനാന്തരത്തിലെ കല്ലേലിമേട് താമസിക്കുന്ന ജയൻ തമ്പാന്റെ പുരയിടത്തിലെ കിണറ്റിലാണ് നാല് വയസ്സുള്ള ആനക്കുട്ടൻ വീണത്. ഞായറാഴ്ച പുലർച്ചയോടെ കിണറ്റിൽ വീണ ആനക്കുട്ടനെ രാവിലെ ഒൻപതോടെയാണ് കരകയറ്റിയത്.

കിണറിലെ ചെളിയിൽ ആറാടി ആനക്കുട്ടൻ കരകയറി കാട്ടിലേക്ക്
കരകയറിയ ആനക്കുട്ടന്‍ അമ്മയ്ക്ക് അരികിലേക്ക്

ചുറ്റുമതിലില്ലാത്ത ഏഴടിയോളം താഴ്ചയുള്ള ചെറിയ കിണറിലാണ് കുട്ടിയാന വീണത്. വെള്ളം കുറവായിരുന്ന കിണറ്റിൽ നിന്ന് രക്ഷപ്പെടാനായി കുട്ടിയാന അരിക് ഇടിച്ച് ചെളിക്കുണ്ടാക്കി.

ചാല് കീറി ആനക്കുട്ടനെ കരകയറിയതോടെ അമ്മയെ കാണാനായി ഓടി. പുയംകുട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എസ്.എസ്. ബൻസിലാൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.പി. രമേശ്, ബി.എഫ്.ഒ.മാരായ വി.എം. മനു, പി.ജി. അഞ്ജു, കെ. ഋതുരാജ്, ഫോറസ്റ്റ് വാച്ചർ സി. സുകു, അനുജിത്ത്, ദിവസവേതന വാച്ചർമാരായ ഐപ്പ്, കെ.കെ. ശിവൻ, ബാബു കാഞ്ചിയപ്പൻ, സലിം മക്കാർ തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.