അരൂർ: മറുനാടൻ തൊഴിലാളികൾ യുവാക്കളെ ക്രൂരമായി മർദിച്ചെന്ന് പരാതി. അരൂർ പള്ളി സെമിത്തേരിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരുപതോളം വരുന്ന മറുനാടൻ തൊഴിലാളികളാണ് യുവാക്കളെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നു.

പരിക്കേറ്റ അരൂർ സ്വദേശികളായ ഉണ്ണിദാസ്, സനു, റിസ്‌വിൻ, ജാക്‌സൺ എന്നിവരെ അരൂക്കുറ്റി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അയൽവാസിയായ പെൺകുട്ടിയോട്‌ മറുനാടൻ തൊഴിലാളികളിൽ ചിലർ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെത്തുടർന്ന് മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാക്കൾ പറയുന്നു.