കരുമാല്ലൂർ: പ്ലാസ്റ്റിക്കിനെ പടിക്കു പുറത്താക്കാനൊരുങ്ങി തട്ടാംപടി ചെട്ടിക്കാട് നൻമ റസിഡന്റ്‌സ് അസോസിയേഷൻ. വാർഷികാഘോഷത്തിൽ എല്ലാ വീടുകളിലും ആവശ്യമുള്ളത്ര ‘തുണിസഞ്ചി’കൾ വിതരണം ചെയ്തുകൊണ്ടാണ് അതിന് തുടക്കംകുറിച്ചിരിക്കുന്നത്. കനംകുറഞ്ഞ പ്ലാസ്റ്റിക് കിറ്റുകൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പകരം പ്ലാസ്റ്റിക് സഞ്ചികൾ ഉപയോഗിക്കാൻ ഓരോ കുടുംബാംഗത്തേയും ഓർമപ്പെടുത്താനാണ് ഇപ്പോൾ തുണിസഞ്ചികൾ വിതരണം ചെയ്തത്.
വാർഷികാഘോഷ പരിപാടികൾ ആലങ്ങാട് പോലീസ് ഇൻസ്പെക്ടർ പി.വി. വിനേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.സി. ബിനോജ് അധ്യക്ഷത വഹിച്ചു.
കരുമാല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. സന്തോഷ് തുണിസഞ്ചികളുടെ വിതരണം നടത്തി. വിവിധ മേഖലകളിൽ മികവുതെളിയിച്ചവരെ പഞ്ചായത്തംഗം പി.എം. ദിപിൻ അനുമോദിച്ചു.
കരുമാല്ലൂർ-ആലങ്ങാട് മേഖലാ അസോസിയേഷൻ സെക്രട്ടറി മുകുന്ദകുമാർ, സെക്രട്ടറി സി.ആർ. മോഹനൻ, സി.എസ്. അനീഷ് എന്നിവർ സംസാരിച്ചു.
റസിഡന്റ്‌സ് അസോസിയേഷൻ അംഗങ്ങളായ അനിത ഷാബു, ജയ രത്നപ്പൻ, പ്രിൻസി രാജീവ്, ലീന പുരുഷോത്തമൻ, ലത സുരേന്ദ്രൻ, പ്രസീത രാജീവ് എന്നിവരുടെ നേതൃത്വത്തിൽ തുണിസഞ്ചികളുടെ വിതരണത്തിന് ഒരു യൂണിറ്റ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.