കടുങ്ങല്ലൂർ: നിർധന രോഗികൾക്ക് ഒരുകൈ സഹായമൊരുക്കി പടിഞ്ഞാറേ കടുങ്ങല്ലൂർ മംഗളോദയം ലൈബ്രറിയിൽ ‘മരുന്നുപെട്ടി’ തുറന്നു. ഈ പെട്ടിയിൽ നിറയുന്ന മരുന്നുകൾ ശേഖരിച്ച് സർക്കാർ ആശുപത്രിയിലെ രോഗികൾക്കായി കൈമാറും. വിവിധ അസുഖങ്ങൾക്കായി വാങ്ങുന്ന മരുന്നുകളിൽ ബാക്കിവരുന്നവ ഈ പെട്ടിയിൽ നിക്ഷേപിക്കാനാണ് ലൈബ്രറി അധികൃതർ പറയുന്നത്.

ഇതെല്ലാം എല്ലാവരും പലപ്പോഴും നശിപ്പിച്ചുകളയുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത് മരുന്നുപെട്ടിയിലിട്ടാൽ ലൈബ്രറി അധികൃതർ അത് തിരഞ്ഞെടുത്ത് സർക്കാർ ആശുപത്രിയിലേക്ക് കൈമാറും. അങ്ങനെ നിർധനരോഗികൾക്ക് ആശ്വാസം നൽകാനാകും.

ഡോ. ഗീതാറായ് മരുന്നുപെട്ടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലൈബ്രറി വയോജനവേദി പ്രസിഡന്റ് പി.ബി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. സുന്ദരം വേലായുധൻ പദ്ധതി വിശദീകരിച്ചു.

ലൈബ്രറി പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ. രാധാകൃഷ്ണൻ, സെക്രട്ടറി പി.എസ്. രാധാകൃഷ്ണൻ, എം.എസ്. രാജഗോപാൽ, പി. ശശിധരൻ നായർ, ഗീതാ സലീംകുമാർ, ഇന്ദിര കുന്നയ്ക്കാല, ജ്യോതി ഗോപകുമാർ എന്നിവർ സംസാരിച്ചു.