പോത്താനിക്കാട്: പല്ലാരിമംഗലം പഞ്ചായത്തിലെ രേഖകൾ സൂക്ഷിക്കുന്ന അലമാരയിൽ നിന്ന് രണ്ട് ഫയലുകൾ നഷ്ടപ്പെട്ടതായി പരാതി. പഞ്ചായത്ത് സെക്രട്ടറി എസ്.വി. സുധാദേവിയാണ് പോത്താനിക്കാട് പോലീസിൽ പരാതി നൽകിയത്. പഞ്ചായത്ത് കമ്മിറ്റി അനുമതി നൽകിയ പന്ത്രണ്ടാം വാർഡിൽ നിർമാണത്തിലിരിക്കുന്ന മൊബൈൽ ടവറുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായിരിക്കുന്നത്. ടവർ നിർമിക്കുന്നതിനെതിരേ പ്രദേശവാസികൾ പ്രതിഷേധത്തിലായിരുന്നു. ഹൈക്കോടതിയിൽ കേസ് ഉണ്ടായതോടെ ടവറിൻറെ പണികൾ നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വിവരാവകാശ നിയമപ്രകാരം ടവറിൻറെ പണികളുമായി ബന്ധപ്പെട്ട് മറുപടി ലഭിക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷ ലഭിച്ചിരുന്നു. ഇതിനായി ഫയലുകൾ തിരഞ്ഞപ്പോഴാണ് ഇത് കാണാനില്ലെന്ന് മനസ്സിലായതെന്ന് അധികൃതർ പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.