പോത്താനിക്കാട്: ജില്ലയുടെ കിഴക്കൻ മേഖലയിൽ കനത്തമഴ തുടരുന്നതിനാൽ മുൻകരുതൽ എന്ന നിലയിൽ പൈങ്ങോട്ടൂർ പഞ്ചായത്തിലെ 43 കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. മലയിടിച്ചിൽ ഭീഷണിയെ തുടർന്ൻ പഞ്ചായത്തിലെ മണിപ്പാറ, നാലാം ബ്ലോക്ക് എന്നിവിടങ്ങളിലെ 60 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനാണ് കളക്ടർ നിർദേശം നൽകിയിരുന്നത്. കടവൂർ വില്ലേജ് ഓഫീസർ ഇവർക്കെല്ലാം നോട്ടീസ് നൽകുകയും ചെയ്തു. ഇതിൽ 43 കുടുംബങ്ങളാണ് കടവൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് എത്തിയത്. മറ്റു കുടുംബങ്ങൾ ബന്ധുവീടുകളിലേക്ക്‌ മാറിയതായി അധികൃതർ പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ടാണ് ക്യാമ്പ് ആരംഭിച്ചത്‌. വ്യാഴാഴ്ച മഴ കുറയുകയാണെങ്കിൽ കുടുംബാംഗങ്ങളെ വീടുകളിലേക്ക്‌ മടക്കി അയയ്ക്കുമെന്ന് അധികൃതർ പറഞ്ഞു. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ റവന്യൂ അധികൃതർ ഒരുക്കിയിട്ടുണ്ട്.

ഡീൻ കുര്യാക്കോസ് എം.പി., എൽദോ എബ്രഹാം എം.എൽ.എ., ജില്ലാ പഞ്ചായത്ത്‌ പ്രസിഡൻറ് ഡോളി കുര്യാക്കോസ്, പഞ്ചായത്ത്‌ പ്രസിഡൻറ് ഡായി തോമസ് എന്നിവർ ക്യാമ്പിലെത്തി കുടുംബാംഗങ്ങളെ കണ്ടു.

മൂവാറ്റുപുഴ ആർ.ഡി.ഒ. ക്യാമ്പ് സന്ദർശനം നടത്തിയത് കൂടാതെ മലയിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്തെത്തി അവിടെയുള്ള സ്ഥിതിഗതികളും വിലയിരുത്തി. 2012 ഓഗസ്റ്റ് 12-ന് നാലാം ബ്ലോക്കിൽ ഉണ്ടായ ഉരുൾപൊട്ടലും രണ്ടുവർഷം മുമ്പ് മണിപ്പാറ തായ്ക്കുടി മലയിൽ കനത്ത മഴയിലുണ്ടായ ഗർത്തവുമാണ് മുൻകരുതൽ എന്ന നിലയിൽ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കാരണമായത്. അന്നുണ്ടായ ഉരുൾപൊട്ടലിൽ ആറ് ജീവനുകളാണ് നഷ്ടമായത്. മലവെള്ളപ്പാച്ചിലിൽ ഒമ്പത് വീടുകൾ ഒലിച്ചുപോകുകയും ചെയ്തു.

കഴിഞ്ഞദിവസം കളക്ടറേറ്റിൽ മന്ത്രി വി.എസ്. സുനിൽകുമാറിൻറെ നേതൃത്വത്തിൽ പ്രകൃതിക്ഷോഭങ്ങളെ കുറിച്ച് നടത്തിയ അവലോകന യോഗത്തിൽ കടവൂരിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചിരുന്നതായി എൽദോ എബ്രഹാം എം.എൽ.എ. പറഞ്ഞു.