വൈപ്പിൻ: വൈപ്പിൻകരയെ എറണാകുളം നഗരവുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലങ്ങൾ തുറന്നുകൊടുത്തിട്ട് ബുധനാഴ്ച ഒന്നര പതിറ്റാണ്ടാകുന്നു. 2004 ജൂൺ 5-നാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി പാലങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. കോരിച്ചൊരിയുന്ന മഴയിലും വൈപ്പിനിലെ ഗോശ്രീ കവലയിൽ ആയിരങ്ങളാണ് ഉദ്ഘാടനത്തിന് സാക്ഷ്യം വഹിക്കാനെത്തിയത്.

കൊച്ചി രാജ്യത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന സഹോദരൻ അയ്യപ്പന്റെ സ്വപ്നമായിരുന്നു ഈ പാലങ്ങൾ. 1986 ഒക്ടോബർ 12-ന് തുടങ്ങി മൂന്ന് പതിറ്റാണ്ടു നീണ്ട ഉജ്ജ്വല സമരങ്ങൾക്കൊടുവിലാണ് പാലങ്ങൾ യാഥാർത്ഥ്യമായത്. നാലുവരി പാതയായി പാലങ്ങൾ നിർമിക്കാൻ മുൻകൈയെടുത്തത് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനായിരുന്നു. കായൽ നികത്തി പണം കണ്ടെത്തി പാലങ്ങൾ നിർമിക്കുകയായിരുന്നു ലക്ഷ്യം. കായൽ നികത്തുന്നത് സംബന്ധിച്ചുയർന്ന കേസുകൾക്കൊടുവിൽ പാലം രണ്ട് വരിയായി ചുരുക്കി. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ കൂടി യാഥാർത്ഥ്യമായതോടെ നാലുവരി പാതയുടെ ആവശ്യകത വൈകിയെങ്കിലും ബോദ്ധ്യപ്പെടുന്നുണ്ട്. ഗോശ്രീ പാലങ്ങളിൽ ഒന്നിന് സമാന്തരമായി മറ്റൊരു പാലവും കണ്ടെയ്‌നറുകളുടെ സുഗമമായ യാത്രയ്ക്ക് ഒരു മേൽപ്പാലവും പണിയേണ്ടി വന്നു.

അര നൂറ്റാണ്ടു മുൻപ് 12 ലക്ഷം രൂപ ചെലവിലാണ് സഹോദരൻ അയ്യപ്പൻ പാലങ്ങൾ വിഭാവനം ചെയ്തത്. എന്നാൽ മൂന്ന് വർഷം കൊണ്ട് 50 കോടി രൂപ ചെലവിലാണ് പാലം നിർമാണം പൂർത്തിയാത്. കായൽ നികത്തി ഭൂമി വിറ്റ് കിട്ടിയ തുകയിൽ അപ്പോഴും കോടികൾ ബാക്കിയായി. ദ്വീപ് വികസനത്തിന് രൂപം നൽകിയ ഗോശ്രീ ദ്വീപ് വികസന അതോറിറ്റിയുടെ കൈവശമാണിപ്പോൾ ആ തുക.

വൈപ്പിൻ - എറണാകുളം പാലങ്ങൾ കൊച്ചിയുടെ വികസന സാധ്യതകൾക്ക് വഴിതുറക്കുന്ന വാതായനങ്ങളാകുമെന്ന് അന്ന് ഉദ്ഘാടന വേളയിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. പദ്ധതികൾ ഒരുപാടെത്തി വൈപ്പിനിൽ. എൽ.എൻ.ജി., വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ടെർമിനൽ, എസ്.പി.എം. പദ്ധതി..... എല്ലാം കോടികളുടെ മുതൽമുടക്കിൽ.

2000 ഡിസംബർ 29-ന് അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ തറക്കല്ലിട്ട പാലങ്ങളുടെ നിർമാണോദ്ഘാടനം നടക്കുന്നത് 2001 ഓഗസ്റ്റ് 27-നാണ്. മൂന്ന് പാലങ്ങളുടെയും നിർമാണം റെക്കോഡ് വേഗത്തിലാണ് പൂർത്തിയായത്.

നിയമക്കുരുക്കിൽ നഗര പ്രവേശനം

വൈപ്പിനിൽനിന്നുള്ള സ്വകാര്യ ബസുകൾക്ക് ഇപ്പോഴും നഗരത്തിലേക്ക്‌ പ്രവേശനമില്ല. ചെറിയൊരു നിയമക്കുരുക്കാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നതെങ്കിലും ഇത് പരിഹരിക്കുന്നതിന് മാറി മാറി വന്ന ഭരണകൂടങ്ങൾ ഒന്നും ചെയ്തില്ല. ഇതു സംബന്ധിച്ച്‌ വർഷങ്ങളായി ഹൈക്കോടതിയിൽ കേസുമുണ്ട്. കേസ് അവസാനിപ്പിക്കുന്നതിന് സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഒരു നീക്കവും ഉണ്ടാകുന്നില്ല. 22 തിരു കൊച്ചി ബസുകൾ അനുവദിച്ച് ഈ പ്രശ്നത്തിന് ചെറിയൊരളവിൽ പരിഹാരം കാണാനുള്ള നീക്കമുണ്ടായി. എന്നാൽ, വർഷങ്ങൾ പോകവേ തിരു കൊച്ചി ബസുകൾ വെട്ടിക്കുറയ്ക്കുകയും ഒഴിവാക്കുകയും ചെയ്തു.

പാലങ്ങളുടെ വരവോടെ വൈപ്പിൻ നിവാസികളുടെ എറണാകുളത്തേക്കുള്ള യാത്രാ സമയം ഗണ്യമായി കുറഞ്ഞു. എന്നാൽ, സ്വകാര്യ ബസുകൾക്ക് പ്രവേശം അനുവദിക്കാത്തത് വൈപ്പിൻ ജനതയ്ക്ക് സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. ഇവർക്ക് നഗരത്തിന്റെ ഏതു ഭാഗത്തേക്ക് പോകാനും രണ്ടാമതൊരു ബസ് കൂടി കയറണം.

നിരവധി ചെറുസമരങ്ങൾ നടന്നെങ്കിലും ഒന്നും ഫലപ്രാപ്തിയിലെത്തിയില്ല. കഴിഞ്ഞ വർഷം എസ്. ശർമ എം.എൽ.എ. മുൻകൈയെടുത്ത് ചില നീക്കങ്ങൾ നടത്തിയിരുന്നു. ഗതാഗത കമ്മിഷണർ വൈപ്പിനിലെത്തി ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും അടക്കമുള്ളവരുടെ യോഗത്തിൽ നടപടി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം വാർഡുകൾ കേന്ദ്രീകരിച്ച് ഭീമഹർജി തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറി. ഹർജി സ്വീകരിച്ച മുഖ്യമന്ത്രിയുടെ ഉറപ്പിൽ ദ്വീപ് നിവാസികൾ വലിയ പ്രതീക്ഷയിലുമായിരുന്നു. മാസങ്ങൾ പലത് പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.