അരൂർ: മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളും പ്രചാരണത്തിമിർപ്പിൽ ഇളകിമറിഞ്ഞു. കൊട്ടിക്കലാശത്തിന്റെ ആഘോഷമേളങ്ങളിൽപ്പെട്ട് ദേശീയപാതയുൾപ്പെടെ അരൂരിലെ റോഡുകൾ കുരുക്കിലായി.
എൽ.ഡി.എഫ്. സ്ഥാനാർഥി മനു സി. പുളിക്കൽ റോഡ് ഷോയിലൂടെയാണ് പര്യടനപരിപാടി തുടങ്ങിയത്. കുമ്പളങ്ങിഫെറിയിൽ നിന്ന് ആരംഭിച്ച റോഡ്ഷോ ചാവടി, റോഡ്മുക്ക്, അന്ധകാരനഴി, പത്മാക്ഷിക്കവല, വളമംഗലം, തുറവൂർ കവല, അരൂർമുക്കം, അരൂക്കുറ്റി പ്രദേശങ്ങൾ, പള്ളിച്ചന്ത, തിരുനെല്ലൂർ, ശാന്തിക്കവല, പി.എസ്. കവല, തൃച്ചാറ്റുകുളം, വടുതല എന്നിവിടങ്ങളിലെ പര്യടനപരിപാടികൾക്കുശേഷം അരൂർ ക്ഷേത്രം കവലയിലാണ് സമാപിച്ചത്. തുടർന്ന് സ്ഥാനാർഥിയുടെ സാന്നിദ്ധ്യത്തിൽ കൊട്ടിക്കലാശവും നടന്നു. എ.എം. ആരിഫ് എം.പി., മന്ത്രി പി. തിലോത്തമൻ, ആർ. നാസർ, സി.ബി. ചന്ദ്രബാബു എന്നിവർ പങ്കെടുത്തു.

കവലയിൽ നടത്തിയ കൊട്ടിക്കലാശം
യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ റോഡ്ഷോ അരൂക്കുറ്റിയിൽ നിന്നാണ് തുടങ്ങിയത്. ഇരുചക്രവാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ തുറന്ന ജീപ്പിലാണ് സ്ഥാനാർഥി റോഡ്ഷോയിൽ പങ്കെടുത്തത്. ജില്ലയിലെ യു.ഡി.എഫ്. നേതാക്കളും ഒപ്പമുണ്ടായിരുന്നു. പണാവള്ളി, പൂച്ചാക്കൽ, പള്ളിപ്പുറം, തിരുനെല്ലൂർ എം.എൽ.എ. റോഡ് വഴി തൈക്കാട്ടുശേരി വഴി സഞ്ചരിച്ച് റോഡ്ഷോ സമാപിച്ചു. അരൂർ ബ്ലോക്കിലെ കൊട്ടിക്കലാശം തുറവൂർ പഴമ്പള്ളിക്കാവിൽ നിന്നാരംഭിച്ച് കുത്തിയതോട് പഴയപാലം വഴി ദേശീയപാതയിലൂടെ അരൂർ പള്ളി കവല തിരിഞ്ഞ് എരമല്ലൂർ, പാറായിക്കവല, നാലുകുളങ്ങര ചാവടി വഴി തുറവൂർ വില്ലേജോഫീസിനു സമീപം സമാപിച്ചു.
എൻ.ഡി.എ. സ്ഥാനാർഥി പ്രകാശ്ബാബുവിന്റെ റോഡ്ഷോ അരൂരിൽ നിന്നാണ് ആരംഭിച്ചത്. വട്ടക്കാൽമുക്ക്, നാലുകുളങ്ങര, ചാവടി വഴി തുറവൂർ കവലയിലെത്തി തുടർന്ന് പുത്തൻചന്തയിൽനിന്ന് കിഴക്ക് പഴമ്പള്ളിക്കാവ് വളമംഗലം വഴി തൈക്കാട്ടുശേരിയിലെത്തി പി.എസ്. കവല, ശാന്തിക്കവല, തിരുനെല്ലൂർവഴി പൂച്ചാക്കൽ, പെരുമ്പളം, അരൂക്കുറ്റി, അരൂർമുക്കം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് തുറവൂർ കവലയിലെ കൊട്ടിക്കലാശത്തോടെ സമാപിച്ചു.

കിഴക്കൻ മേഖലയിലെ എൻ.ഡി.എ.യുടെ കൊട്ടിക്കലാശം പൂച്ചാക്കൽ കവലയിലാണ് സമാപിച്ചത്. സ്ഥാനാർഥിയോടൊപ്പം ഒ. രാജഗോപാൽ, എൻ. ശിവരാമൻ, വെള്ളിയാകുളം പരമേശ്വരൻ, കെ. സോമൻ എന്നിവർ കൊട്ടിക്കലാശഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.