അങ്കമാലി : നായത്തോട് ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കോൺഗ്രസ് ഉയർത്തുന്ന ആരോപണത്തിന് പിന്നിൽ നിക്ഷിപ്ത താത്പര്യങ്ങളാണെന്ന് ഭരണപക്ഷം ആരോപിച്ചു. അങ്കമാലി നഗരസഭയുടെ വികസന പദ്ധതികളെ തുരങ്കംവയ്ക്കാനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്ന് എൽ.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ. ഏല്യാസ് പറഞ്ഞു.
സ്കൂളിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി 178 ലോഡ് മണ്ണ് നീക്കംചെയ്യേണ്ടി വന്നു. ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് മണ്ണ് സ്വകാര്യ സ്ഥലത്തേക്ക് മാറ്റാതെ, നഗരസഭയുടെ കൈവശമുള്ള അയ്യായിപ്പാടത്ത് ശേഖരിച്ചു. അയ്യായിപ്പാടത്ത് ഒന്നരയേക്കർ ഭൂമി വിവിധ വികസന പ്രവർത്തനങ്ങൾക്കായി നഗരസഭ വാങ്ങിച്ചിട്ട് 20 വർഷം പിന്നിടുന്നു.
നഗരസഭാ സെക്രട്ടറിക്ക് മുൻകൂട്ടി കത്ത് നൽകിയാണ് കരാറുകാരൻ അവിടെനിന്ന് 103 ലോഡ് മണ്ണ് നീക്കംചെയ്തത്. ഒരുതരി മണ്ണുപോലും അനധികൃതമായി അവിടെനിന്ന് ആരും കടത്തിക്കൊണ്ടുപോയിട്ടില്ലെന്നും ടി.വൈ. ഏല്യാസ് പറഞ്ഞു.