അങ്കമാലി : തുറവൂർ പഞ്ചായത്തിൽ നാല്, അഞ്ച് വാർഡുകളിലായി അഞ്ചുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കോവിഡ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള 65 പേർ നിരീക്ഷണത്തിലാണ്. 17 പേരുടെ പരിശോധനാഫലം കാത്തിരിക്കുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലാകമാനം ഉച്ചഭാഷിണിയിലുടെ മുന്നറിയിപ്പുകൾ നൽകി. പഞ്ചായത്തിന്റെ പ്രധാനപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഫയർഫോഴ്സിന്റെ കീഴിലുള്ള സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ശനിയാഴ്ച പഞ്ചായത്തിൽ സർവകക്ഷി യോഗം ചേരുമെന്ന് പ്രസിഡന്റ് കെ.വൈ. വർഗീസ് അറിയിച്ചു.
അതിനിടെ മൂക്കന്നൂർ പഞ്ചായത്തിൽ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോക്കുന്ന് സ്വദേശിനിയായ യുവതിക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ പത്തുപേരാണ് പഞ്ചായത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആദ്യം കോവിഡ് സ്ഥിരീകരിച്ച കാളാർകുഴി സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവായി. പഞ്ചായത്തിൽ കടകൾ രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ തുറക്കും. ഞായറാഴ്ച മുഴുവൻ ലോക്ക്ഡൗൺ ഏർപ്പെടുത്താനും തിരുമാനിച്ചു.