അങ്കമാലി : പ്രളയത്തിൽ തകർന്ന ചാലക്കുടി ഇടതുകര മെയിൻ കനാലിന്റെ ഏഴാറ്റുമുഖം ഭാഗത്തെ സംരക്ഷണഭിത്തി കെട്ടി പൂർവ സ്ഥിതിയിലാക്കുന്നതിനായി മന്ത്രി കെ. കൃഷ്ണൻകുട്ടി 4.5 കോടി രൂപയുടെ അനുമതി നൽകിയതായി മുൻമന്ത്രി ജോസ് തെറ്റയിൽ അറിയിച്ചു. ‘റീ ബിൽഡ് കേരള’ പദ്ധതിയിലുൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
2018-ലെ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കനാൽബണ്ട് തകർന്നതിനാൽ ഏറെക്കാലം ജലവിതരണം തടസ്സപ്പെട്ടിരുന്നു. തുടർന്ന് അനുവദിച്ച 35 ലക്ഷം രൂപ ഉപയോഗിച്ച് താത്കാലിക അടിസ്ഥാനത്തിൽ പണിത കനാലിലൂടെയായിരുന്നു നിയന്ത്രിതമായി ജലവിതരണം ഇതുവരെ നടത്തിയിരുന്നത്. ചാലക്കുടിപ്പുഴയിൽ നിന്നാരംഭിക്കുന്ന ഇടതുകര കനാൽ പദ്ധതിയുടെ ആദ്യഭാഗത്ത് 200 മുതൽ 500 മീറ്റർ വരെയുള്ള ചെയിനേജിലാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.പുഴയോടു ചേർന്ന് സമാന്തരമായി കൊടുംവളവിലാണ് 12 മീറ്റർ ഉയരത്തിലുള്ള കനാൽഭിത്തി നിർമിച്ചിരുന്നത്.
ഇപ്പോൾ അനുവദിച്ചിട്ടുള്ള തുക ഉപയോഗിച്ച് 200 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി കെട്ടി പൂർത്തീകരിക്കുന്ന മുറയ്ക്ക് മാത്രമേ കനാൽ ശൃംഖല വഴി പൂർണതോതിൽ ജലവിതരണം പുനരാരംഭിക്കാൻ കഴിയൂ.
യുവാവിനെ മർദിച്ചതായി രാതി
അങ്കമാലി : പട്ടികജാതി യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി മർദിച്ചതായി പരാതി. മുന്നൂർപ്പിള്ളി പട്ടികജാതി കോളനിയിൽ താമസിക്കുന്ന കയമ്പൻ വീട്ടിൽ സനീഷ് മുരളിയെ ആണ് മർദിച്ചത്.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി. കറുകുറ്റി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ടി. ശശി, ജനറൽ സെക്രട്ടറി പ്രദീപ് ശിവരാമൻ എന്നിവർ ആവശ്യപ്പെട്ടു.
മാസ്കും പഠനോപകരണങ്ങളും വിതരണം ചെയ്തു
അങ്കമാലി : നോർത്ത് കിടങ്ങൂർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ മാസ്കും പഠനോപകരണങ്ങളും വിതരണം ചെയ്തു.കരയോഗം പ്രസിഡന്റ് കെ.കെ. ഉണ്ണികൃഷ്ണൻ, വനിതാ സമാജം പ്രസിഡന്റ് ഉഷ ഹരിദാസ്, കരയോഗം വൈസ് പ്രസിഡന്റ് എസ്.എം. വിനോദ്, സെക്രട്ടറി ജഗദീഷ് ചന്ദ്രൻ, ഖജാൻജി എൻ. രവി തുടങ്ങിയവർ നേതൃത്വം നൽകി.