അങ്കമാലി : കറുകുറ്റി കൊറോണ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ രോഗികൾക്ക് കൗൺസലിങ്ങുമായി മന്ത്രി വി.എസ്. സുനിൽകുമാർ. സെന്ററിൽ സ്ഥാപിച്ചിട്ടുള്ള 58 ഇഞ്ച് സ്മാർട്ട് ടി.വി.യിൽ വാട്ട്സ് ആപ്പ് വീഡിയോ കോളിലൂടെയാണ് മന്ത്രി രോഗികളുമായി ആശയവിനിമയം നടത്തിയത്. രോഗിയുടെ പരാതികൾ മന്ത്രി കേട്ടു. രോഗികളുടെ മാനസിക സംഘർഷങ്ങൾ ലഘൂകരിക്കും വിധത്തിലാണ് മന്ത്രി മറുപടി നൽകിയത്.
സെന്ററിൽ പബ്ലിക് അനൗൺസ്‌മെന്റ് സിസ്റ്റം ഏർപ്പെടുത്താൻ മന്ത്രി നിർദേശം നൽകി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെന്ററിലെ രോഗികളിൽ ഏതാനുംപേർ കഴിഞ്ഞദിവസം പ്രഭാതഭക്ഷണം കഴിക്കാതെ പ്രതിഷേധിച്ചിരുന്നു. കോവിഡ് പരിശോധനാഫലം യഥാസമയം കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
കോവിഡ് പരിശോധനാ ഫലം വൈകുന്നതിനാൽ കോവിഡ് നെഗറ്റീവ് ആയവരും സെന്ററിൽ തുടരേണ്ട അവസ്ഥയാണുള്ളത്. ഇപ്പോൾ 250 പേരാണ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലുള്ളത്.