അങ്കമാലി : അങ്കമാലി നിയോജകമണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രങ്ങൾ സജ്ജമാക്കാൻ നടപടി സ്വീകരിച്ചുതുടങ്ങിയതായി റോജി എം. ജോൺ എം.എൽ.എ. അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് സെന്ററുകൾ കണ്ടെത്തുന്നത്. കോവിഡ് 19-ന്റെ വ്യാപനമുണ്ടായാൽ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിൽ അവശ്യസൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളെയാണ് സെന്ററുകളായി വിഭാവനം ചെയ്തിട്ടുള്ളത്. അമ്പത് മുതൽ നൂറ് വരെ രോഗികളെ താമസിപ്പിച്ച് ചികിത്സിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ആദ്യഘട്ടത്തിൽ എല്ലാ പഞ്ചായത്തുകളിലും സജ്ജീകരിക്കുന്നതെന്ന് എം.എൽ.എ. പറഞ്ഞു.
സെന്ററിന്റെ സൗകര്യം ഒരുക്കലിന്റെയും ദൈനംദിന നടത്തിപ്പിന്റെയും ഭക്ഷണം, ശുചിത്വം എന്നിവയുടേയും ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേതാണ്. ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരോഗ്യവകുപ്പിന്റെ ചുമതലയിലായിരിക്കും.