അങ്കമാലി : പട്ടാപ്പകൽ മൂന്നംഗ സംഘം വീടുകയറി യുവാവിനെ ക്രൂരമായി മർദിച്ചു. തുറവൂർ പടയാട്ടി വീട്ടിൽ സനോജ് ജോസിന്(40)ആണ് മർദനമേറ്റത്. കൈകാലുകൾ ഒടിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സംഭവവുമായി ബന്ധപ്പെട്ട് തുറവൂർ സ്വദേശി ഉൾപ്പെടെ മൂന്ന് പേർക്കെതിരേ കേസെടുത്തതായി അങ്കമാലി പോലീസ് അറിയിച്ചു.
മാരകായുധങ്ങളുമായി എത്തി സനോജിനെ ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ സനോജ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടും അക്രമികൾ അടിച്ചുതകർത്തു. ജനാലകളും വാതിലുമെല്ലാം തകർത്തിട്ടുണ്ട്. സ്കൂട്ടറും തല്ലിത്തകർത്തു. ഗുരുതര പരിക്കേറ്റ സനോജിനെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ഏജന്റ് മുഖേന സനോജിന്റെ ഭാര്യ നാലുമാസം മുമ്പ് മാൾട്ടയിൽ ജോലിക്കായി പോയിരുന്നു. ജോലി ശരിയാകാതിരുന്നതിനാൽ ഏജന്റിനെതിരേ സനോജ് അങ്കമാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.