അങ്കമാലി: അത്താണിയിലെ ഹൈപ്പർ മാർക്കറ്റിലേക്ക് സാധനങ്ങൾ കയറ്റിപ്പോകുകയായിരുന്ന മിനി ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു.
ദേശീയപാതയിൽ അങ്കമാലി മോർണിങ് സ്റ്റാർ ഹോംസയൻസ് കോളേജിന് സമീപം തിങ്കളാഴ്ച വൈകീട്ട് 4.15-നായിരുന്നു അപകടം.
ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി വെട്ടിച്ച വാഹനം മീഡിയനിലേക്ക് കയറി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. ലോറി ഡ്രൈവർ മാനന്തവാടി അഞ്ചുകുന്ന് പൊന്നോലിൽ വീട്ടിൽ പി.ജെ. ജ്യോതിഷിന് (40) ആണ് പരിക്കേറ്റത്.
വാഹനം റോഡിലേക്ക് മറിഞ്ഞതിനാൽ ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടായി. ക്രെയിൻ ഉപയോഗിച്ച് വാഹനം നീക്കിയാണ് ഗതാഗത തടസ്സം പരിഹരിച്ചത്.
അഗ്നിരക്ഷാനിലയം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എൻ. ജിജിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ പി.വി. പൗലോസ്, പി.എ. സജാദ്, കെ.ജി. സാംസൺ, റെജി എസ്. വാരിയർ, അനിൽ മോഹൻ, എസ്. സച്ചിൻ, ആർ. റെനീഷ്, ആർ. റെയ്‌സൺ എന്നിവരുൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.