അങ്കമാലി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാരും സി.പി.എമ്മും ദുരഭിമാനം വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാതയിലേക്ക് വരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ നയിക്കുന്ന കെ.പി.സി.സി. വിശ്വാസ സംരക്ഷണ യാത്രയ്ക്ക് അങ്കമാലിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് എക്കാലവും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും എതിർത്തിട്ടുണ്ട്്. ജനങ്ങളുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കാമെന്ന സുപ്രീം കോടതി തീരുമാനം ശുഭകരമായ വഴിത്തിരിവാണ്. കോടതി ഇനിയും വാദം കേൾക്കുമെന്ന് സിശ്ചയിച്ചതിന്റെ അർത്ഥം നിലവിലുള്ള കോടതിവിധി പുനഃ പരിശോധിക്കാനുള്ള അവസരം ലഭിക്കുന്നുവെന്നാണ്.

ശബരിമല വിഷയത്തിൽ സി.പി.എമ്മിന്റെ നിലപാടിനോട് വിയോജിക്കുകയും വിശ്വാസ സമൂഹത്തോടൊപ്പം നിൽക്കുകയും ചെയ്യുന്ന എല്ലാവരെയും സംഘപരിവാറിന്റെ ഭാഗമായി ചിത്രീകരിക്കാനാണ് സി.പി.എം. ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഈ സമീപനം അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

യാത്ര ബുധനാഴ്ച രാവിലെയാണ് ജില്ലാ അതിർത്തിയായ അങ്കമാലിയിൽ എത്തിയത്. അങ്കമാലി എം.എൽ.എ. റോജി എം. ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, എം.എൽ.എമാരായ അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.