പറവൂർ: വേനലിലും ആവശ്യത്തിലേറെ വെള്ളവുമായി ഒഴുകി ചൗക്കകടവിൽ പെരിയാറിൽ സന്ധിക്കുന്ന ചാലക്കുടി പുഴ. അവിടെവരെ എത്തിനിൽക്കുന്ന പെരിയാറിലും ഉപ്പുവെള്ള വേലിയേറ്റം ശക്തമല്ല. നിറയെ കുന്നുകളും കുന്നിൻചെരുവിലെ കൃഷിയിടങ്ങളും ഉറവ വറ്റാത്ത നീർച്ചാലുകളും ഒക്കെയായി പുത്തൻവേലിക്കര കാർഷികഗ്രാമത്തിന് ജലസമൃദ്ധിയുടെ ഒരു പോയകാലമുണ്ടായിരുന്നു. ജല ലഭ്യതയ്ക്കൊപ്പം പച്ചപ്പ് നിറഞ്ഞ നാടും അവിടെ നിറയെ വിവിധയിനം കൃഷിയും ഉണ്ടായിരുന്നത് ഇന്ന് ഓർമകളാണ്.

ഇന്നാകെ പുത്തൻവേലിക്കരയുടെ സ്ഥിതി മാറിമറിഞ്ഞു. വരണ്ട പാടങ്ങൾ, കരിഞ്ഞുണങ്ങിയ പച്ചപ്പ്, കുടിക്കാനും കൃഷിക്കും വെള്ളമില്ലാത്ത അവസ്ഥ. കിട്ടുന്നതാകട്ടെ ഉപ്പുവെള്ളവും. ശുദ്ധജലവാഹിനിയായ ചാലക്കുടി പുഴയ്ക്ക് താഴോട്ട് നീരൊഴുക്കില്ല. പുഴ താഴേക്ക് ഒഴുകിയെത്തിയാലെ പുത്തൻവേലിക്കരയിൽ വെള്ളമെത്തൂ. പുഴയിലുള്ള തടയണകളും തുമ്പൂർമൂഴി ചെക്ക് ഡാമിന്റെ ഇടതു-വലതുകര കനാലുകളും പുഴയുടെ ഗതിമാറ്റി താഴേക്കുള്ള ഒഴുക്കിനെ ഇല്ലാതാക്കുന്നു. പെരിയാറിലാകട്ടെ അനുദിനം വേലിയേറ്റം ശക്തമായി വരുന്നു. ഉപ്പുനിറഞ്ഞ കടൽവെള്ളം ചാലക്കുടി പുഴയിൽ കയറിയതോടെ കുളങ്ങളിലും കിണറുകളിലുംവരെ ഉപ്പുരസമാണ്. താത്കാലിക തടസ്സമായി എളന്തിക്കരയിൽ മണൽബണ്ട് ഈ വർഷവും കെട്ടി ഉയർത്തിയെങ്കിലും ചാലക്കുടി പുഴയിലെ കണക്കൻകടവിൽ നിന്നും ഇപ്പോഴും പമ്പ് ചെയ്യുന്ന കുടിവെള്ളത്തിൽ ഉപ്പുരസമുണ്ട്. നിരവധി കുടുംബങ്ങൾ പണം കൊടുത്താണ് ഭക്ഷണം പാകം ചെയ്യുന്നതിനുള്ള വെള്ളം വാങ്ങുന്നത്.

കുന്നുകൾ നിരത്തിയത് ജലക്ഷാമം രൂക്ഷമാക്കി

പറവൂർ: കുന്നുകളുടെ നാടായിരുന്നു ഇവിടം. പനച്ചക്കുന്ന്, മാനാഞ്ചേരിക്കുന്ന്, കപ്പേളക്കുന്ന്, വട്ടേക്കാട്ടുകുന്ന്, കൊടികുത്തിയ കുന്ന്, പരമനാശ്ശേരി കുന്ന് എന്നിവ ഇതിൽപ്പെടും. കുന്നുകൾ തുരന്ന് മണ്ണെടുത്തതോടെ അവയുടെ സസ്യാവരണം നഷ്ടപ്പെട്ടു. വ്യാപകമായി മരങ്ങൾ വെട്ടിമാറ്റിയതും മഴവെള്ളത്തെ പിടിച്ചുനിർത്തുന്നതിന് തടസ്സമുണ്ടാക്കി. കൃഷിയിടങ്ങളായിരുന്ന കുന്നിന്റെ താഴ്വാരങ്ങൾ കാലക്രമത്തിൽ വരണ്ടുണങ്ങി. കുളങ്ങളിലും കിണറുകളിലും ഉറവകൾ വറ്റി. വേനൽക്കാലത്തുപോലും നീലക്കോഴി, കൊക്ക് തുടങ്ങി ഒട്ടനവധി പക്ഷിക്കൂട്ടങ്ങൾ പറന്നെത്തിയിരുന്ന താഴഞ്ചിറപ്പാടത്ത് അവ ഇപ്പോൾ വരാതെയായി.

ജലസേചന പദ്ധതികളും വരണ്ടുണങ്ങി

പറവൂർ: കാർഷികാവശ്യത്തിന് ഒട്ടേറെ ജലസേചന പദ്ധതികളുണ്ടെങ്കിലും മിക്കവയും വെള്ളം കിട്ടാതെ വരണ്ടുണങ്ങി കിടക്കുകയാണ്. പല ഘട്ടങ്ങളിലായി കോടികൾ ചെലവഴിച്ച മോറത്തോട് ജലപദ്ധതി പ്രളയത്തിനു ശേഷം പ്രയോജനപ്രദമല്ലാതെയായി. കണക്കൻകടവ് സി.സി.ഡി.പി. പദ്ധതിയിൽ ഇപ്പോൾ ഒരു മോട്ടോർ മാത്രമാണ് പ്രവർത്തിക്കുന്നത്. കണക്കൻകടവ് നമ്പർ ടു, പുതുക്കാട്, മാനാഞ്ചേരിക്കുന്ന്, കൈതച്ചിറ പദ്ധതി എന്നിവയും വരൾച്ചയുടെ പിടിയിൽ പ്രവർത്തനരഹിതമാണ്. പരമനാശ്ശേരിക്കുന്ന് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയും നിർത്തിവച്ച സ്ഥിതിയിലാണ്. പഞ്ഞിപ്പള്ള, കുട്ടിച്ചിറ പദ്ധതികളും അങ്ങിനെതന്നെ. ജല ലഭ്യത പഠിക്കാതെ കോടികൾ ചെലവഴിച്ച് നിർമാണവേലകൾ നടത്തിയതാണ് പദ്ധതികൾ പരാജയപ്പെടാൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകൻ എം.പി. ഷാജൻ പറഞ്ഞു.