ആലുവ: മുഖത്ത് ചായം പൂശിയും നരച്ച മുടി കറുപ്പിച്ചും നിൽക്കുന്നവരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുവാക്കളായി പരിഗണിച്ച് സീറ്റ് നൽകരുതെന്ന് യൂത്ത് കോൺഗ്രസ് നേതൃസംഗമം ആവശ്യപ്പെട്ടു. മുഖസൗന്ദര്യത്തെക്കാൾ പാർട്ടി യുവജന പോരാളികളെയാകണം സ്ഥാനാർത്ഥികളാക്കേണ്ടത്.

യു.ഡി.എഫ്. സംസ്ഥാന കൺവീനർ ബെന്നി ബഹനാന്റെയും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസിന്റെയും ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദിന്റെയും സാന്നിദ്ധ്യത്തിലാണ് യൂത്ത് നേതാക്കൾ ഈ ആവശ്യങ്ങളുന്നയിച്ചത്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിലെ 63 മണ്ഡലം പ്രസിഡന്റുമാർ, നിയോജക മണ്ഡലം, ലോക്‌സഭാ മണ്ഡലം ഭാരവാഹികൾ എന്നിവരാണ് യോഗത്തിലുണ്ടായിരുന്നത്.

ഓരോ ബൂത്തിലും അഞ്ച് പേർ വീതം ഉൾപ്പെടുന്ന രാഹുൽ ബ്രിഗേഡ് രൂപവത്‌കരിക്കും. തിരഞ്ഞെടുപ്പിന്റെ ദൈനംദിന പ്രവർത്തനം ഏകോപിപ്പിക്കലാണ് ഇവരുടെ ചുമതല.

ഫെബ്രുവരി 15-നകം എല്ലാ മണ്ഡലങ്ങളിലും യുവജന സന്ദേശയാത്ര സംഘടിപ്പിക്കും. അടുത്ത മാസം അവസാനം ചാലക്കുടി അതിരപ്പിള്ളിയിൽ ലോക്‌സഭാ മണ്ഡലം യൂത്ത് കോൺഗ്രസ് ക്യാമ്പ് സംഘടിപ്പിക്കും. ജനുവരി 20-നകം നിയോജക മണ്ഡലം കമ്മിറ്റി യോഗങ്ങളും ചേരും. ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് പി.ബി. സുനീർ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. ടി.ജെ. വിനോജ്, അൻവർ സാദത്ത് എം.എൽ.എ., എം.ഒ. ജോൺ, അബ്ദുൾ മുത്തലിബ്, ജെബി മേത്തർ എന്നിവർ സംസാരിച്ചു.