ആലുവ: ആലുവ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി നഗരത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. 10 ഡി.വൈ.എസ്.പി., 30 സി.ഐ., 164 എസ്.ഐ./എ.എസ്.ഐ., 1500 എസ്.സി.പി.ഒ./സി.പി.ഒ.മാർ, 200 വനിതാ സി.പി.ഒ.മാർ എന്നിവരടങ്ങുന്ന പോലീസ് സംഘമുണ്ടാകും. പോക്കറ്റടിക്കാരേയും പിടിച്ചുപറിക്കാരേയും മറ്റും നിരീക്ഷിക്കാൻ മഫ്തി പോലീസ് സ്‌ക്വാഡുമുണ്ട്. 100 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം മണപ്പുറത്ത് വെള്ളിയാഴ്ച പ്രവർത്തനമാരംഭിക്കും.

ഗതാഗത നിയന്ത്രണം ഇങ്ങനെ

*വെള്ളിയാഴ്ച വൈകീട്ട് നാലു മുതൽ ശനിയാഴ്ച ഉച്ചവരെ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. അങ്കമാലി ഭാഗത്തുനിന്ന് മണപ്പുറത്തേക്ക് വരുന്ന വാഹനങ്ങൾ സെമിനാരിപ്പടിയിൽ നിന്ന് ജി.സി.ഡി.എ. റോഡുവഴി പോകണം. മണപ്പുറത്ത് കെ.എസ്.ആർ.ടി.സി. ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പ്രത്യേകം പാർക്കിങ് സൗകര്യമുണ്ട്.

*മണപ്പുറം ഭാഗത്തുനിന്നുള്ള ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓൾഡ് ദേശം റോഡ് വഴി പറവൂർ കവലയിലെത്തണം. തോട്ടയ്ക്കാട്ടുകരയിൽ നിന്ന് മണപ്പുറത്തേക്ക് ഗതാഗതം അനുവദിക്കില്ല.

*വരാപ്പുഴ ഭാഗങ്ങളിൽ നിന്നുവരുന്ന ബസുകൾ തോട്ടയ്ക്കാട്ടുകര കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് യാത്രക്കാരെ ഇറക്കിയ ശേഷം പറവൂർ കവല, യു.സി. കോളേജ്, കടുങ്ങല്ലൂർ വഴി തിരികെ പോകണം.

*അങ്കമാലി ഭാഗത്തുനിന്നു വരുന്ന സ്വകാര്യ ബസുകൾ പറവൂർ കവലയ്ക്ക് സമീപം ടെസ്റ്റ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിച്ച് വന്ന വഴി മടങ്ങണം.

*എറണാകുളത്ത് നിന്നുള്ള സ്വകാര്യ ബസുകൾ പുളിഞ്ചോട് ജങ്ഷനിൽ നിന്ന് കാരോത്തുകുഴി ജങ്ഷൻ വഴി സ്റ്റാൻഡിലെത്തണം. തിരികെ ബാങ്ക് കവല ബൈപാസ് വഴിയാണ് പോകേണ്ടത്.

* കെ.എസ്.ആർ.ടി.സി. ബസുകൾ പുളിഞ്ചോട് നിന്ന് സർവീസ് റോഡ് വഴി സീമാസിന് മുൻവശം യാത്രാക്കാരെ ഇറക്കിയ ശേഷം അണ്ടർ പാസ് വഴി വലത്തേക്ക് തിരിഞ്ഞ് സർവീസ് റോഡിലൂടെ പുളിഞ്ചോട്, കാരോത്തുകുഴി കവല വഴി കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെത്തണം. തിരികെ എറണാകുളത്തേക്കുള്ള ബസുകൾ കാരോത്തുകുഴി, സ്വകാര്യ സ്റ്റാൻഡ്, ബാങ്ക് കവല ബൈപാസ് വഴി മടങ്ങണം.

*പെരുമ്പാവൂരിൽ നിന്നു വരുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ, പമ്പ് ജങ്ഷൻ വഴി ടൗൺ ഹാളിന് മുൻവശം താത്കാലിക സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കണം. തിരികെ അതേവഴി മടങ്ങണം. പെരുമ്പാവൂരിലേക്ക് പോകുന്ന സ്വകാര്യ ബസുകൾ സ്റ്റാൻഡിൽ നിന്ന് ബാങ്ക് കവല, ബൈപ്പാസ് സർവീസ് റോഡ്, പുളിഞ്ചോട്, കാരോത്തുകുഴി, ആശുപത്രി, പവർഹൗസ് വഴി പോകണം.

* ബാങ്ക് കവല മുതൽ ടൗൺഹാൾ റോഡ് വരെ ഗതാഗതം അനുവദിക്കില്ല. ഹൈവേകളിലും നഗരത്തിലും റോഡരികുകളിൽ പാർക്കിങ്ങും അനുവദിക്കില്ല.

*വെള്ളിയാഴ്ച രാത്രി 10 മുതൽ 22-ന് രാവിലെ 10 വരെ തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന ചരക്ക് വാഹനങ്ങൾ അങ്കമാലിയിൽ നിന്ന് എം.സി. റോഡിലൂടെ പോകണം. എറണാകുളത്തുനിന്ന് വരുന്ന ചരക്ക് വാഹനങ്ങൾ കളമശ്ശേരിയിൽ നിന്ന് കണ്ടെയ്‌നർ റോഡ് വഴി പറവൂർ, മാഞ്ഞാലി റോഡ് വഴി അത്താണിയിൽ പ്രവേശിക്കണം.

സുരക്ഷാ ക്രമീകരണങ്ങൾ

* മണപ്പുറത്തുള്ള അമ്പലത്തിൽ നിന്ന് 50 മീറ്റർ ചുറ്റളവിൽ വഴിയോരക്കച്ചവടം അനുവദിക്കില്ല. നഗരസഭ യാചകനിരോധന മേഖലയായി പ്രഖ്യാപിച്ചതിനാൽ ഭിക്ഷാടനം അനുവദിക്കില്ല.

*പെരിയാറിൽ പോലീസിന്റെ നേതൃത്വത്തിൽ ലൈഫ് ബാഗ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളോടെ പട്രോളിങ് ഉണ്ടാകും.

*ഗുണ്ടകളെ നിരീക്ഷിക്കാൻ പ്രത്യേക സ്‌ക്വാഡ് ഉണ്ട്. റെയിൽവേ സ്റ്റേഷനിൽ പ്രത്യേകം പോലീസിനെ നിയോഗിക്കും. നഗരത്തിലും പരിസരത്തും വെള്ളിയാഴ്ചയും ശനിയാഴ്ചയും മദ്യവിൽപ്പനയും ഉപഭോഗവും നിരോധിച്ചിട്ടുണ്ട്.

* ബലിയിടാനും ബലിതർപ്പണത്തിനും ശിവരാത്രി മണപ്പുറത്തേക്ക് പോകുന്ന ഭക്തജനങ്ങൾ പാലത്തിലൂടെ സഞ്ചരിക്കുമ്പോൾ അമിതമായ തിരക്ക് ഒഴിവാക്കാൻ, ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ പാലിക്കണം.

*പ്രധാനപ്പെട്ട ജങ്ഷനുകളിലും തിരക്കുള്ള സ്ഥലങ്ങളിലും സാമൂഹികവിരുദ്ധരെ നിരീക്ഷിക്കാൻ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.