ആലുവ: ലക്ഷക്കണക്കിനുപേർ ബലി തർപ്പണത്തിനെത്തുന്ന ശിവരാത്രിക്ക്‌ ആവശ്യമായ സൗകര്യങ്ങൾ ആലുവ നഗരത്തിൽ ഒരുക്കാതെ അധികൃതർ. എല്ലാ വർഷവും ശിവരാത്രിക്ക്‌ മുന്നോടിയായി നഗരവും റോഡുകളും പൂർണമായും സജ്ജമാക്കാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായിട്ടില്ല. വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് കാരണമെന്നാണ് ആരോപണം.

അതേസമയം, ദേവസ്വം ബോർഡും നഗരസഭയും ശിവരാത്രിയ്ക്കുവേണ്ടി നടത്തുന്ന തയ്യാറെടുപ്പുകൾ മണപ്പുറത്ത് പുരോഗമിക്കുന്നുണ്ട്.

റോഡിൽ ഓരോ 25 മീറ്ററിലും കുഴി

: ശിവരാത്രി ആഘോഷത്തിനെത്തുന്നവരെ കാത്തിരിക്കുന്നത് തകർന്ന റോഡുകളാണ്. മൂന്നാഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച്, മൂന്നുമാസം മുമ്പ് ആരംഭിച്ച കെ.എസ്.ഇ.ബി.യുടെ ഭൂഗർഭ വൈദ്യുതി ലൈൻ വലിക്കുന്ന നടപടികൾ വഴി നന്നാക്കൽ പണികളെ ആകെ തകിടംമറിച്ചു. ജെ.സി.ബി. ഉപയോഗിച്ച് റോഡരികിൽ കുഴിയെടുത്തപ്പോൾ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകളും തകർന്നു. ഇവ അറ്റകുറ്റപ്പണി നടത്താൻ എല്ലായിടത്തും കുഴിയുടെ വലിപ്പം ഇരട്ടിയാക്കേണ്ടി വന്നു. ഇതിനിടെ കെ.എസ്.ഇ.ബി.യും ജല അതോറിറ്റിയും തമ്മിലുള്ള തർക്കം അറ്റകുറ്റപ്പണിപോലും വൈകിച്ചു.

മെഷീൻ ഉപയോഗിച്ച് കുഴിക്കുന്നതിനാൽ ഓരോ 25 മീറ്ററിലും ഒരു കുഴി വീതം രൂപപ്പെട്ടുകഴിഞ്ഞു. കുഴികൾ ടാർചെയ്യാതെ വെറുതെ മണ്ണിട്ട് മൂടിയിരിക്കുകയാണ്. ഓരോ വാഹനവും പോകുമ്പോൾ പൊടി ഉയരും. എല്ലാ യാത്രക്കാരും പൊടിതിന്നാണ് നിത്യേന ആലുവയിലൂടെ കടന്നുപോകുന്നത്. വ്യാപാരികളും ഇതുമൂലം കടുത്ത ദുരിതത്തിലാണ്.

വെട്ടിയ മരം വഴിയരികിൽത്തന്നെ

: ഏതാനും ആഴ്ച മുൻപാണ് മാർത്താണ്ഡവർമ പാലത്തിന് മുൻപിലെ വൻമരം ദേശീയപാതയിലേക്ക്‌ മറിഞ്ഞുവീണത്. ഫയർ ഫോഴ്‌സ് സംഘമെത്തി മരം മുറിച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയെങ്കിലും മരത്തിന്റെ ചില്ലകളും തടിയും റോഡരികിൽ നിന്ന് ഇതുവരെ നീക്കിയിട്ടില്ല. വാഹനങ്ങൾക്കും അപകടമുണ്ടാക്കും വിധം നടപ്പാതയിലാണ് ഇവ ഇപ്പോഴും കിടക്കുന്നത്.

ശിവരാത്രികാലത്ത് മാലിന്യങ്ങളും മറ്റും നീക്കംചെയ്ത് നഗരം വൃത്തിയാക്കാറുണ്ടെങ്കിലും മരത്തടി നീക്കം ചെയ്യാൻ ഇതുവരെ നഗരസഭ തയ്യാറായിട്ടില്ല. മെട്രോയിൽ വന്ന് ശിവരാത്രി മണപ്പുറത്തേക്ക്‌ കാൽനടയായി എത്തുന്നവർക്കും മരത്തടി തടസ്സമാണ്, ഫുട്പാത്ത് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതി.

ശിവരാത്രിയോടനുബന്ധിച്ച് മാർത്താണ്ഡവർമ പാലം പെയിന്റ് ചെയ്തും സീരിയൽ ബൾബുകൾ സ്ഥാപിച്ചും മനോഹരമാക്കാറുണ്ട്. എന്നാൽ, കുറച്ചുവർഷങ്ങളായി ഇതെല്ലാം മുടങ്ങിക്കിടക്കുകയാണ്.

ആയുർവേദ ആശുപത്രി റോഡിൽ കുണ്ടും കുഴിയും

: ദേശീയപാതയിൽ നിന്ന് മംഗലപ്പുഴ വഴി മണപ്പുറത്തേക്ക്‌ പോകുന്ന ആയുർവേദ ആശുപത്രി റോഡിന്റെ ചില ഭാഗങ്ങളിൽ കുണ്ടും കുഴിയും രൂപപ്പെട്ടിട്ടുണ്ട്. നഗരസഭയുടെ ആയുർവേദ ആശുപത്രിക്ക്‌ പിറകുഭാഗം മുതൽ മണപ്പുറം വരെയുള്ള ഭാഗമാണ് തകർന്നിരിക്കുന്നത്.

ശിവരാത്രിനാളിൽ വടക്കേ മണപ്പുറത്ത് താത്കാലിക കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്‌ ഒരുക്കാറുണ്ട്. തകർന്നുകിടക്കുന്ന ആയുർവേദ ആശുപത്രി റോഡ് വഴിയാണ് കെ.എസ്.ആർ.ടി.സി. ബസുകൾ മണപ്പുറം സ്റ്റാൻഡിലേക്ക്‌ എത്തുക.

ശിവരാത്രി മണപ്പുറത്തേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട റോഡായിരുന്നിട്ടും അറ്റകുറ്റപ്പണി നടത്താൻ നഗരസഭാ അധികൃതർ തയ്യാറായിട്ടില്ലെന്നത് വ്യാപക പരാതി ഉയർത്തിയിട്ടുണ്ട്.