ആലുവ: മഴയും അണക്കെട്ടുകളിൽ നിന്ന് വലിയ തോതിൽ വെള്ളവും എത്തിയതോടെ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ് പെരിയാർ. ആലുവ ശിവരാത്രി മണപ്പുറവും മഹാദേവ ക്ഷേത്രവുമെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. ഈ മഴക്കാലത്ത് അഞ്ചാമത്തെ തവണയാണ് പെരിയാറിൽ വെള്ളം നിറഞ്ഞ് മണപ്പുറം മുങ്ങുന്നത്. രണ്ട് തവണ മഹാദേവൻ ആറാടുകയും ചെയ്തു. രണ്ടാമത്തെ ആറാട്ട് കാണാൻ നിരവധി പേരാണ് ബുധനാഴ്ച മണപ്പുറത്ത് എത്തിയത്. വെള്ളം കയറിയത് കാരണം പിതൃതർപ്പണമെല്ലാം ആൽമരത്തിന്റെ ചുവട്ടിലുള്ള ചവിട്ടു പടിയിൽ വെച്ചാണ് നടത്തിയത്.

കീഴ്‌മാട് പഞ്ചായത്തിലെ തുമ്പിച്ചാൽ - വട്ടച്ചാൽ പാടശേഖരവും വെള്ളം കയറിയതിനെ തുടർന്ന് മുങ്ങി. കുട്ടമശ്ശേരി - തടിയിട്ട പറമ്പ് റോഡ് വെള്ളത്തിലായി. റോഡിലൂടെ വെള്ളം ഒഴുകുന്നത് മൂലം ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.