ആലുവ: ഏറെ പഴക്കമുളള ആലുവ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് കെട്ടിടം പൊളിക്കുന്നത് ആവശ്യമായ സുരക്ഷ ഒരുക്കാതെയെന്ന് പരാതി. നൂറുകണക്കിനാളുകൾ താഴെ ബസ് കാത്തുനിൽക്കുമ്പോഴാണ് ജാക്കി ഹാമറും, ചുറ്റികയും ഉപയോഗിച്ച് കെട്ടിടം പൊളിക്കുന്നത്.

മറുനാടൻ തൊഴിലാളികളാണ് മൂന്ന് നിലയുള്ള കെട്ടിടത്തിന് മുകളിൽ നിന്ന് കൂടം ഉപയോഗിച്ച് കോൺക്രീറ്റ് തല്ലിപ്പൊട്ടിക്കുന്നത്. അടിയുടെ ആഘാതത്തിൽ ചീളുകൾ നാലുപാടും ചിതറുന്നു. നൂറുകണക്കിനാളുകൾ താഴെ ബസ് കാത്തു നിൽക്കുമ്പോഴാണ് അശാസ്ത്രീയവും അപകടകരവുമായ ഈ കെട്ടിടം പൊളിക്കൽ.

വാഹനയാത്രക്കാരുടെ കണ്ണിലേക്ക് ചീളുകൾ തെറിക്കാൻ സാധ്യത ഏറെയാണ്. ഒരുവശം മാത്രം പൊളിക്കുന്നതിനാൽ മറുവശം ഇടിഞ്ഞ് വീഴാനും സാധ്യതയുണ്ട്. സ്ഥലം സന്ദർശിച്ച ആലുവ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് ഗുരുതരാവസ്ഥ ബോധ്യപ്പെട്ടതിനാൽ മുനിസിപ്പാലിറ്റിക്കും പോലീസിനും കത്തു നൽകി. പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയിരിക്കുന്നത് മാത്രമാണ് ബഹുനില കെട്ടിടം പൊളിക്കുമ്പോൾ ആകെ ഒരുക്കിയിരുന്ന സുരക്ഷാക്രമീകരണം.