ആലുവ: പാലക്കാട് സ്വദേശിനി സിവിൽ പോലീസ് ഓഫീസറായ സൂര്യ 2018 പ്രളയകാലത്താണ് ആലുവയിലെ ദുരിതാശ്വാസ ക്യാമ്പിൽ ഡ്യൂട്ടിക്കെത്തിയത്. ആലുവ സ്വദേശി വിനീതിനെ അവിടെ വെച്ചാണ് പരിചയപ്പെട്ടത്. ദുരിതാശ്വാസ ക്യാമ്പിലെ സേവന പ്രവർത്തനങ്ങളിൽ ഒരുമിച്ച് പങ്കാളികളായതോടെ ഇരുവരും കൂടുതൽ അടുത്തു. ഒടുവിൽ പ്രണയമായി മാറി. 2019-ലെ വെള്ളപ്പൊക്കത്തിനു ശേഷം ആലുവ അശോകപുരം പെരിങ്ങഴ ദുർഗാ ഭഗവതി ക്ഷേത്രത്തിൽ ഞായറാഴ്ച ഇരുവരും വിവാഹിതരായി.

തൃശ്ശൂർ ക്യാമ്പിൽനിന്നാണ് സൂര്യ കഴിഞ്ഞ വർഷം ആലുവയിൽ ഡ്യൂട്ടിക്കായി എത്തിയത്. അശോകപുരം കാർമൽ സെയ്‌ന്റ് ഫ്രാൻസിസ് ഡി അസീസി സെക്കൻഡറി സ്കൂളിലെ ക്യാമ്പിലായിരുന്നു ഡ്യൂട്ടി. അശോകപുരം സ്വദേശിയായ വിനീതിന്റെ വീടും വെള്ളപ്പൊക്കത്തിൽ മുങ്ങിയിരുന്നു.

അച്ഛനും അമ്മയ്ക്കുമൊക്കം ഇതേ സ്കൂളിലെ ക്യാമ്പിലായിരുന്നു വിനീത് താമസിച്ചിരുന്നത്. ക്യാമ്പിലെത്തുന്നവരെ സഹായിക്കാനും വിനീത് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു. ആലുവയിലെ സ്വകാര്യ എൻട്രൻസ് കോച്ചിങ് സെന്ററിലെ അധ്യാപകനാണ് വിനീത്. അൻവർ സാദത്ത് എം.എൽ.എ. അടക്കമുള്ളവർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Content Highlights: Aluva Flood Relief Camp Friends Marriage