ആലുവ : കർഫ്യൂ പ്രഖ്യാപിച്ചതോടെ വരുമാന മാർഗമടഞ്ഞ ആലുവ ലാർജ് ക്ലസ്റ്ററിൽ ഉൾപ്പെട്ടവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് അൻവർ സാദത്ത് എം.എൽ.എ. ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക്‌ ഇതു സംബന്ധിച്ച് കത്ത് നൽകി. ജോലിക്ക്‌ പോകാൻ കഴിയാത്ത സാധാരണക്കാർക്ക് ഭക്ഷ്യധാന്യക്കിറ്റുകൾ നൽകണം. ലോണുകൾക്ക് മൊറട്ടോറിയം, വ്യാപാരികൾക്ക് പലിശ ഇളവ് എന്നിവയും നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആലുവ നിയോജകമണ്ഡലത്തിലെ ആലുവ നഗരസഭ, കീഴ്‌മാട്, ചൂർണിക്കര, എടത്തല, ചെങ്ങമനാട് എന്നീ പഞ്ചായത്തുകൾ ആലുവ ലാർജ് ക്ലസ്റ്ററിലും ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, കാഞ്ഞൂർ പഞ്ചായത്തുകളിലെ വാർഡുകൾ കണ്ടെയ്‌ൻമെന്റ് സോണിലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കർഫ്യൂ ശക്തമാക്കിയതോടെ വീടിന് പുറത്തേക്ക് ഇറങ്ങാൻ പോലും ആർക്കും സാധിക്കുന്നില്ല. വരുമാനമാർഗം അടഞ്ഞവർക്ക് സർക്കാരിന്റെ കൈത്താങ്ങ് അനിവാര്യമാണെന്നും അടിയന്തര സഹായം നൽകണമെന്നുമാണ് ആവശ്യം.

കർഫ്യൂവിൽ ഇളവ് വേണം

ആലുവ : വറുതിയിലേക്ക്‌ നീങ്ങുന്ന ആലുവയ്ക്ക് കർഫ്യൂവിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. മാസങ്ങളോളം നീണ്ട ലോക്ക്ഡൗണിന് ശേഷം ജൂൺ മാസത്തിൽ ദിവസങ്ങൾ മാത്രമാണ് ആലുവ നഗരം സജീവമായത്.

ഇതിന് പിന്നാലെ കണ്ടെയ്ൻമെന്റ് സോണും കർഫ്യൂവും ആലുവയിലെ ജനങ്ങളെ വലയ്ക്കുകയാണ്. സാധാരണക്കാരും വ്യാപാരികളും ദിവസവേതനക്കാരും വറുതിയിലേക്ക്‌ നീങ്ങുന്ന സാഹചര്യമാണ്.

കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളെ ഒഴിവാക്കി മറ്റുഭാഗങ്ങൾ കർശന നിയന്ത്രണത്തോടെ തുറക്കാൻ പ്രായോഗികമായ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് ആലുവ മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ ആവശ്യപ്പെട്ടു.

ബി.ജെ.പി. ഏകദിന ഉപവാസം നടത്തും

ആലുവ : ലോക്ക്ഡൗണും കർഫ്യൂവും മൂലം മൂന്നാഴ്ചയിലേറെയായി വരുമാനമില്ലാതെ പ്രതിസന്ധിയിലായ ആലുവ ലാർജ് ക്ലസ്റ്ററിലെ കുടുംബങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജും ഭക്ഷ്യധാന്യക്കിറ്റുകളും അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട് ബി.ജെ.പി. ആലുവ മണ്ഡലം കമ്മിറ്റി ശനിയാഴ്ച ഏകദിന ഉപവാസം സംഘടിപ്പിക്കും.

നിയോജകമണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാറിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ആലുവ ഒ.ജി. തങ്കപ്പൻ സ്മാരക മന്ദിരത്തിലും പഞ്ചായത്ത്, വാർഡ്, ബൂത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും സ്വന്തം ഭവനങ്ങളിലുമാണ് ഉപവാസമിരിക്കുക.