ആലുവ : കഴിഞ്ഞദിവസം പെയ്ത മഴയിൽ ആലുവ നഗരത്തിലെ റോഡുകൾ വെള്ളത്തിനടിയിലാവാൻ കാരണം കാനകളിൽ അടിഞ്ഞുകൂടിയ മാലിന്യം. ലോക്ക്ഡൗണിന് ശേഷം പലയാളുകളും മാലിന്യം നിക്ഷേപിച്ചതോടെ കാനകൾ അടഞ്ഞതാണ് വെള്ളപ്പൊക്കമുണ്ടാക്കിയത്. നഗരത്തിൽ കോവിഡ് പ്രതിസന്ധി ഉണ്ടാവുകയും ശുചീകരണ തൊഴിലാളികൾക്ക് രോഗം ബാധിക്കുകയും ചെയ്തതോടെ കാന ശുചീകരണം പൂർണമായും നിലച്ചിരുന്നു.

മഴക്കാലം തുടങ്ങുന്നതിന് മുൻപേ കാനകൾ വൃത്തിയാക്കിയതാണെന്നും പിന്നീട് വന്ന മാലിന്യമാണ് വെള്ളക്കെട്ടിന് കാരണമെന്നും ചെയർപേഴ്‌സൺ ലിസി എബ്രഹാം പറഞ്ഞു. വ്യാഴാഴ്ച ആലുവ നഗരത്തിലെ ഏറ്റവും വലിയ കാന ശുചിയാക്കിയപ്പോഴും ടൺകണക്കിന് മാലിന്യമാണ് ലഭിച്ചത്.

ആലുവ അദ്വൈതാശ്രമത്തിന് സമീപമുള്ള മലിനജല ശുദ്ധീകരണ പ്ലാന്റിലേക്ക്‌ വന്നുചേരുന്ന വലിയ കാനയിലാണ് മാലിന്യം കൂടുതൽ കണ്ടെത്തിയത്. ഏഴടിയോളം വീതിയും അഞ്ചര അടി പൊക്കവും ഉള്ള കാന, ബ്രിഡ്ജ് റോഡിലെത്തുമ്പോൾ വീതി കുറയും. കാനയുടെ വീതി കൂടിയ ഭാഗത്തെ മാലിന്യമാണ് വ്യാഴാഴ്ച വൃത്തിയാക്കിയത്. വലിയ പ്ലാസ്റ്റിക് ചാക്കിൽ കൊണ്ടുവന്ന മാലിന്യവും കാനയിൽ തള്ളിയതായി കണ്ടെത്തി.

പമ്പ് ജങ്ഷൻ, ജില്ലാ ആശുപത്രി, റെയിൽവേ സ്റ്റേഷൻ മേഖലകളിൽ നിന്നെല്ലാമുള്ള മഴവെള്ളം കാനയിലൂടെ നിറഞ്ഞൊഴുകുന്നതാണ് പതിവ്. ഇതിനിടയിലാണ് ആളുകൾ കാനയിലേക്ക് മാലിന്യം ചാക്കിലും മറ്റും കെട്ടി നിക്ഷേപിച്ചിരിക്കുന്നത്.

കാനയുടെ വീതികുറഞ്ഞ ഭാഗത്ത് മാലിന്യം കെട്ടിക്കിടക്കുന്നത് നഗരസഭയുടെ 9, 10 വാർഡുകളിൽ വെള്ളക്കെട്ടിന് കാരണമാകുന്നുണ്ടെന്ന് കൗൺസിലർ സെബി വി. ബാസ്റ്റിൻ പറഞ്ഞു. കാനയിൽ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.