ആലുവ : കോരിച്ചൊരിയുന്ന മഴയിൽ മുട്ടോളം വെള്ളത്തിൽ അവറാച്ചന്റെ അന്ത്യയാത്ര... വഴിവേണമെന്നുള്ള വർഷങ്ങളായുള്ള ആഗ്രഹം സഫലീകരിക്കാതെയായിരുന്നു അത്. ചൂർണിക്കര പഞ്ചായത്ത് പത്താം വാർഡിൽ മനയ്ക്കപ്പടി -കുന്നത്തേരി റോഡിന് കുറുകെയുള്ള കട്ടേപ്പാടം തോടിന് സമീപം പാടശേഖരത്തിലാണ് തോട്ടത്തിൽ അവറാച്ചന്റെ വീട്.

30 വർഷം മുമ്പാണ് ഇവിടെ വീട് നിർമിച്ചത്. അക്കാലത്ത് മഴക്കാലത്ത് വീട്ടുമുറ്റത്തേക്ക് വെള്ളമെത്തുമെങ്കിലും അകത്തേക്ക് കയറാറില്ല. സമീപത്തെ പാടശേഖരങ്ങൾ നികത്തിയതോടെ മഴക്കാലത്ത് പതിവായി വീട്ടിലേക്ക്‌ വെള്ളമെത്തും. തോട് സംരക്ഷണത്തിനായി നിർമിച്ച ഒന്നരയടി വീതിയുള്ള കരിങ്കൽക്കെട്ടിലൂടെയായിരുന്നു അവറാച്ചനും കുടുംബവും പുറത്തെത്തിയിരുന്നത്. കരിങ്കൽക്കെട്ടും വർഷങ്ങൾക്ക് മുൻപ് തകർന്നു. റോഡ് വേണമെന്ന ആവശ്യം പലരോടും അവറാച്ചൻ ഉന്നയിച്ചിരുന്നു. അത് നടക്കാതെവന്നപ്പോൾ കരിങ്കൽ കെട്ടണമെന്നാണ് ആവശ്യപ്പെട്ടത്. അതിലും നടപടിയുണ്ടായില്ല.

വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏഴ് വർഷത്തോളമായി കിടപ്പിലായ അവറാച്ചനെ മക്കൾ ആശുപത്രിയിൽ കൊണ്ടുപോകുന്നതും ബുദ്ധിമുട്ടിയായിരുന്നു.

ബുധനാഴ്ച രാവിലെയാണ് അവറാച്ചൻ മരിച്ചത്. 200 മീറ്റർ അകലെ റോഡിൽ ആംബുൻസിലേക്ക്‌ അവറാച്ചന്റെ മൃതദേഹം കൊണ്ടുപോയത് സങ്കടകരമായ കാഴ്ചയായിരുന്നു. പ്ലാസ്റ്റിക് ബാഗിൽ മൃതദേഹമിട്ട് ആളുകൾ തൂക്കിപ്പിടിച്ചാണ് റോഡിലെത്തിച്ചത്. കോവിഡ് പരിശോധനയ്ക്ക് ശേഷം മരണാനന്തര ശുശ്രൂഷകൾക്കായി വ്യാഴാഴ്ച സ്വന്തം വീട്ടിലേക്ക്‌ മൃതദേഹം എത്തിക്കില്ല. ജില്ലാ ആശുപത്രിയിൽനിന്ന്‌ നേരേ അശോകപുരം സെയ്‌ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിലേക്കെത്തിച്ച് സംസ്കരിക്കും.