ആലുവ : ആലുവയിൽ നിന്നാണോ, എന്നാൽ ജോലിക്കു വരേണ്ട. ആലുവയിൽ നിന്നാണെന്നറിഞ്ഞതോടെ ജോലിസ്ഥലത്തു നിന്ന് പറഞ്ഞുവിട്ടിട്ടു പോലുമുണ്ട്. കണ്ടെയ്ൻമെന്റ് സോണിലായ ആലുവയിലെ ദിവസ വേതനക്കാരുടെ ദുരിതമാണിത്. ലോക്ഡൗൺ ആരംഭിച്ച മാർച്ച് മാസം മുതൽ ഭൂരിഭാഗം പേർക്കും ജോലി നഷ്ടപ്പെട്ടു. ഇളവുകൾ പ്രഖ്യാപിച്ച ജൂൺ മാസത്തിൽ ചിലർക്ക് ജോലി ലഭിച്ചിരുന്നു. എന്നാൽ ഒരാഴ്ച തികച്ച് ജോലി ചെയ്യാൻ കഴിഞ്ഞില്ല. കണ്ടെയ്ൻമെന്റ് സോണിനു പിന്നാലെ കർഫ്യൂ കൂടി പ്രഖ്യാപിച്ചതോടെ യഥാർത്ഥ പട്ടിണിക്കാലം ആരംഭിച്ചെന്ന് ഇവർ പറയുന്നു.

‘‘ജോലിയില്ല, പണവുമില്ല... കുട്ടികൾക്ക് മികച്ച ഭക്ഷണം നൽകാനും കഴിയുന്നില്ല... ഈ ദുരിതം എന്ന് അവസാനിക്കും’’ - ആലുവ കുന്നത്തേരി സ്വദേശി പെയിന്റിങ് തൊഴിലാളി ഫൈസൽ വിഷമം പങ്കുവെച്ചു. ചിട്ടിയുടേയും ലോണിന്റേയും അടവ് മുടങ്ങി. സൗജന്യമായി ലഭിക്കുന്ന റേഷനരി മാത്രമാണ് ആശ്വാസം.

നിർമാണ സാധനങ്ങൾക്ക് വില ഉയർന്നതു മൂലം പലരും ജോലികൾ നിർത്തി. അതിനാൽ ഇത്തരത്തിലുള്ള ജോലികളും കുറവാണെന്ന് ദിവസ വേതനക്കാർ പറയുന്നു. ലോക്ഡൗണിനു മുൻപ് തുടങ്ങിയ നിർമാണ ജോലികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

ലോക്ഡൗണിനു മുൻപ് കരാറെഴുതിയ ജോലികളൊന്നും തുടങ്ങാൻ പോലും കഴിഞ്ഞിട്ടുമില്ല.

സിമന്റിനും കമ്പിക്കും ഉൾപ്പെടെ വില കൂടിയതിനാൽ നേരത്തെ കരാർ ഉറപ്പിച്ച തുകയ്ക്ക് അവ ചെയ്തുതീർക്കാൻ കഴിയുമോയെന്ന ആശങ്കയിലാണ് അവർ.