ആലുവ : കർഫ്യൂ മേഖലയായ ആലുവ ലാർജ് ക്ലസ്റ്ററിൽ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത് ഒൻപത് കോവിഡ് കേസുകൾ. വിദേശത്തു നിന്ന് വന്ന ഒരാൾക്കും എട്ട് സമ്പർക്ക രോഗികൾക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. സൗദിയിൽ നിന്ന് വന്ന 52 കാരനായ കീഴ്‌മാട് സ്വദേശിയാണ് വിദേശത്ത് നിന്ന് വന്നയാൾ. എട്ട്, 36 വയസ്സ്‌ വീതമുള്ള കീഴ്‌മാട് സ്വദേശിനികൾക്കും സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു.

ചൂർണിക്കരയിൽ രണ്ട് പേർക്ക് കോവിഡ് രോഗമുണ്ട്. ചൂർണിക്കരയിലെ കോൺവെന്റിലെ 63 കാരിയായ സിസ്റ്റർക്കും കോവിഡ് സ്ഥിരീകരിച്ചു. കോൺവെന്റിലെ ബാക്കിയുള്ള അന്തേവാസികൾ ക്വാറന്റീനിലാണ്. ചൂർണിക്കരയിലെ 29 വയസ്സുള്ള യുവാവാണ് കോവിഡ് ബാധിച്ച രണ്ടാമത്തെയാൾ.

64, 28 വയസ്സു വീതമുള്ള എടത്തല സ്വദേശികൾക്കും 57 വയസ്സുള്ള എടത്തല സ്വദേശിനിക്കും കോവിഡ് രോഗം സ്ഥിരീകരിച്ചു.

കടുങ്ങല്ലൂരിൽ 71 കാരിക്ക് മാത്രമാണ് ചൊവ്വാഴ്ച കോവിഡ് രോഗമുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ആലുവ ലാർജ് ക്ലസ്റ്ററിന്റെ ഭാഗമായ ആലുവ നഗരസഭ, ചെങ്ങമനാട്, ആലങ്ങാട്, കരുമാലൂർ എന്നിവിടങ്ങളിൽ നിന്ന് ഒരു രോഗി പോലും ചൊവ്വാഴ്ച പുതുതായി ഉണ്ടായില്ല.